വാഷിംങ്ടണ്‍: എച്ച്4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കും. അമേരിക്കയില്‍ എച്ച് 1 ബി വിസയിലെത്തി കഴിയുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനമാണ് മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊളംബിയ ജില്ലാ കോടതിയിലാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ 70,000ത്തോളം വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് .
നിയമം പ്രാബല്യത്തിലാകുന്നതോടെ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവരെയും തൊഴില്‍ ദാതാക്കളെയും ഈ നടപടി പ്രതികൂലമായി ബാധിക്കും. 2015 മുതലാണ് എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച്4 വിസയില്‍ തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കി തുടങ്ങിയത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരില്‍ 90 ശതമാനവും ഇന്ത്യക്കാരാണെന്ന് യു.എസ്. കുടിയേറ്റനയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇതില്‍ 94 ശതമാനവും സ്ത്രീകളാണ്.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് വിദേശികള്‍ക്കുള്ള എച്ച്1 ബി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അമേരിക്കയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരം കുറഞ്ഞതും മിക്ക കമ്പനികളും വിദേശികളെ ആശ്രയിക്കുന്നതുമായിരുന്നു ഈ തീരുമാനത്തിന് പിന്നിലുള്ള കാരണം.