ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍താരം യുവരാജ് സിംഗ് ക്രിക്കറ്റില്‍നിന്ന് വിട്ട് നില്‍ക്കുകയാണ്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നു പുറത്തായ താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചിരിക്കുന്ന അവസ്ഥയിലാണ്. എന്നാല്‍, ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന വിശ്വാസത്തില്‍ കഠിന പരിശീലനം നടത്തുകയാണ് താരം.
അടുത്ത മൂന്ന് വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് താരം ഉറപ്പ് നല്‍കുന്നുണ്ട്. തിരിച്ചടികളില്‍ തളരാതെ മുന്നോട്ട് പോയാണ് ശീലമെന്നും താന്‍ നടത്തുന്ന കഠിന പരിശീലനത്തിന് ഫലം ലഭിക്കുമെന്നാണ് വിശ്വാസമെന്നും യുവരാജ് കൂട്ടിചേര്‍ത്തു.
അതേസമയം ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ കമന്ററി ബോക്‌സിലേക്ക് തിരിയാന്‍ താല്‍പര്യമില്ലെന്നും ക്രിക്കറ്റ് പരിശീലകനാവുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു. നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് വേണ്ടി കളത്തിലിറങ്ങിയ താരം ബറോഡയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു യുവരാജ് അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്.