വെരിഫിക്കേഷന്‍ കോഡ് ചോദിച്ച് വാട്‌സാപ്പ്; ഹാക്കര്‍മാര്‍മാരെന്ന് റിപ്പോര്‍ട്ട്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാട്‌സാപ്പ് ഉപയോഗം 40%വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അതിനിടെ വാട്‌സാപ്പില്‍ പുതിയൊരു തട്ടിപ്പുമായി ഹാക്കര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

സന്ദേശങ്ങളിലൂടെ വാട്‌സാപ്പിന്റെ ടെക്‌നിക്കല്‍ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ സമീപിക്കുന്നത്. വാട്‌സാപ്പ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നതിനാണെന്ന് പറഞ്ഞ് ഒരു ആറക്ക വെരിഫിക്കേഷന്‍ കോഡ് ഇവര്‍ ചോദിക്കുകയും ചെയ്യുന്നു. വാട്‌സാപ്പിന്റെ ലോഗോയാണ് തട്ടിപ്പുകാര്‍ പ്രൊഫൈല്‍ പിക്ചര്‍ ആയി ഉപയോഗിക്കുന്നത്.

എന്നാല്‍ വാട്‌സാപ്പ് ഈ രീതിയില്‍ ഒരിക്കലും ഉപയോക്താക്കളെ സമീപിക്കില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പ്രൊഫൈല്‍ ചിത്രത്തിന് സമീപം ഒരു പച്ച നിറത്തിലുള്ള വെരിഫിക്കേഷന് ടിക്ക് കാണാന്‍ സാധിക്കും. എങ്കിലും വെരിഫിക്കേഷന്‍ കോഡ് ചോദിച്ചുകൊണ്ട് വാട്‌സാപ്പ് ഒരിക്കലും നിങ്ങളെ സമീപിക്കില്ല.ഉപയോക്താക്കളുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

വെരിഫിക്കേഷന്‍ കോഡ് നല്‍കിയാല്‍ അക്കൗണ്ട് ഹാക്കര്മാരുടെ നിയന്ത്രണത്തിലാവും. നിയമവിരുദ്ധ സന്ദേശങ്ങള്‍ അയക്കാനും ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും.അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണില്‍നിന്നുവാട്‌സാപ്പ് ലോഗ് ഔട്ട് ആവും. അങ്ങനെ സംഭവിച്ചാല്‍ അതിവേഗം റീ വെരിഫൈ ചെയ്ത് അക്കൗണ്ട് തിരികെ എടുക്കാന്‍ ശ്രമിക്കണം.

Top