വാട്സ്ആപ്പ് വഴി ചാര സോഫ്റ്റ് വെയറുകള്‍; ഗുരുതരമായ വീഴ്ചയില്‍ സൈബര്‍ ലോകം

ന്യൂയോര്‍ക്ക്: ഹാക്കര്‍മാര്‍ വാട്സ്ആപ്പിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ചാര സോഫ്റ്റ് വെയറുകള്‍ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തല്‍. മെയ് ആദ്യവാരമാണ് വോയ്സ് കോളിങ് സംവിധാനമുപയോഗിച്ച് ഇസ്രയേലി സോഫ്റ്റ് വെയര്‍ നിര്‍മാണ സംഘമായ എന്‍എസ്ഒ ഗ്രൂപ്പ് ഇത്തരമൊരു ചാരപ്പണി ചെയ്തത്.

സമാനതകളില്ലാത്ത ചാരപ്രവര്‍ത്തനമായാണ് സാങ്കേതിക വിദഗ്ധര്‍ ഇതിനെ നോക്കിക്കാണുന്നത്. ഒരു അജ്ഞാത നമ്പറില്‍ നിന്നെത്തുന്ന വോയ്സ് കോളാണ് ചാര നിരീക്ഷണ സോഫ്റ്റ് വെയറിനെ ഫോണില്‍ നിക്ഷേപിക്കുക. ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വരും. കോള്‍ എടുത്തില്ലെങ്കിലും അപ്പോഴേക്കും ചാരന്‍ സോഫ്റ്റ് വെയര്‍ നമ്മുടെ ഫോണില്‍ കയറിപ്പറ്റിയിരിക്കും. ഒപ്പം കോള്‍ ലിസ്റ്റില്‍ നിന്ന് ആ നമ്പര്‍ അപ്രത്യക്ഷമാകുകയും ചെയ്യും- ഫിനാന്‍ഷ്യല്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ടെക് ക്രഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ സര്‍ക്കാരുകള്‍ക്ക് വേണ്ടി സുരക്ഷാ സോഫ്റ്റ് വെയറുകളും നിരീക്ഷണ പ്രോഗ്രാമുകളും നിര്‍മ്മിക്കുന്ന ഏജന്‍സിയാണ് ഈ ചാരപ്രവര്‍ത്തനത്തിന് പിന്നില്‍ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സൈബര്‍ ആയുധ വ്യാപാരികളെന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

അതേസമയം ഈ തകരാര്‍ വാട്സ്ആപ്പ് പരിഹരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു.കുറച്ചു പേര്‍ മാത്രമേ ആക്രമണത്തിന് വിധേയമായിട്ടുള്ളൂവെന്നാണ് വാട്സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കിയത്. ഈ മാസം ആദ്യം ഹാക്കര്‍മാരുടെ ഇടപെടല്‍ കണ്ടെത്തിയ ഉടന്‍ ഇക്കാര്യം മനുഷ്യാവകാശ സംഘടനകളേയും തിരഞ്ഞെടുത്ത സുരക്ഷാ ഏജന്‍സികളേയും അമേരിക്കന്‍ നിയമ വകുപ്പിനേയും അറിയിച്ചിരുന്നതായി വാട്സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top