ന്യൂഡല്‍ഹി: ഹാദിയക്കും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തുക മാത്രമല്ല തമിഴ്‌നാട്-കേരള സര്‍ക്കാറുകള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം.
ഷെഫീന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കാത്ത പശ്ചാത്തലത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും പ്രകോപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഐ.എസ്.ബന്ധം ആരോപിച്ച് ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകനും എന്‍.ഐ.എയും സുപ്രീം കോടതിയില്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
തങ്ങളുടെ കൂടെ ഹാദിയയെവിട്ടില്ലങ്കിലും ഷഫീന്‍ ജഹാനൊപ്പം വിടരുതെന്ന നിലപാടായിരുന്നു മാതാപിതാക്കള്‍ക്കുണ്ടായിരുന്നത്.
അതു കൊണ്ട് തന്നെ സുപ്രീം കോടതി തല്‍ക്കാലം വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാതിരുന്നതില്‍ ഇവര്‍ സന്തോഷത്തിലാണ്.
ഷെഫീന്റെ തീവ്രവാദ ബന്ധം കോടതിയില്‍ തെളിയിക്കാന്‍ സമയം കൂടുതല്‍ ലഭിക്കുമെന്നതിനാല്‍ എന്‍.ഐ.എ ഉദ്യോഗസ്ഥരും ആത്മവിശ്വാസത്തിലാണ്.
ഈ സാഹചര്യങ്ങളെല്ലാം മുന്‍ നിര്‍ത്തി ഏതെങ്കിലും വിഭാഗങ്ങള്‍ കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കുള്ളത്.
ഹാദിയയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്‍കിയില്ലങ്കില്‍ കേന്ദ്ര സേനയുടെ സുരക്ഷ നല്‍കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ നല്‍കുന്ന സൂചന.
ഹാദിയ സേലത്തെ കോളജില്‍ പഠനം പൂര്‍ത്തിയാക്കുന്നത് വരെ സായുധരായ തമിഴ്‌നാട് പൊലീസ് സംരക്ഷണം നല്‍കും.
ഇവിടെ സര്‍വ്വകലാശാല ഡീനിനാണ് രക്ഷാകര്‍ത്താവിന്റെ ചുമതല. കേരളത്തിലേക്ക് വരികയാണെങ്കില്‍ കേരള പൊലീസിനായിരിക്കും സുരക്ഷാ ചുമതല.
ഹാദിയയുടെ സന്ദര്‍ശകരുടെ കാര്യത്തിലും പൊലീസിന്റെ നിയന്ത്രണമുണ്ടാകും. പ്രത്യേകിച്ച് സുഹൃത്തിന്റെ വീട്ടില്‍ പോവാന്‍ പോലും കോടതി അനുമതി നല്‍കാത്ത സാഹചര്യത്തില്‍.
അതേസമയം സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട്-കേരള സര്‍ക്കാറുകള്‍ അറിയിച്ചിട്ടുണ്ട്.