മുംബൈ ഭീകരാക്രമണം: സൂത്രധാരന്‍ ഹാഫിസ് സയീദിന് 32 കൊല്ലം തടവ് ശിക്ഷ വിധിച്ച് പാക് കോടതി

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് ശിക്ഷ വിധിച്ച് പാക് കോടതി. 32 കൊല്ലം തടവ് ശിക്ഷയാണ് വിധിച്ചത്. പാകിസ്താനിലെ ഭീകരവാദ വിരുദ്ധ കോടതി. രണ്ട് ഭീകരവാദ ഫണ്ടിങ് കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. 3,40,000 പാകിസ്താന്‍ രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

പഞ്ചാബ് പോലീസിന്റെ കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്മെന്റ് രജിസ്റ്റര്‍ ചെയ്ത 21/ 19, 90/ 21 കേസുകളിലാണ് സയീദ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തേതിന് 15.5 കൊല്ലവും രണ്ടാമത്തേതിന് 16.5 കൊല്ലവുമാണ് ഭീകരവാദ വിരുദ്ധ കോടതി ജഡ്ജി ഇജാസ് അഹമ്മദ് ഭുട്ടര്‍ ശിക്ഷ വിധിച്ചത്.

2019-ല്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായിരുന്നു സയീദ് അറസ്റ്റിലായത്. ഭീകരവാദ കോടതി മുന്‍പാകെ ഹാജരാകാന്‍ ലാഹോറില്‍നിന്ന് ഗുജ്രാന്‍വാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് പഞ്ചാബ് പോലീസിന്റെ കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്മെന്റ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top