ന്യൂഡല്‍ഹി: പാക്ക് സര്‍ക്കാറിന്റെ സാമ്പത്തിക നിരോധനത്തെതുടര്‍ന്ന് ആഗോള ഭീകര സംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബയില്‍ വിള്ളല്‍. കൊടും ഭീകരന്‍ ഹഫീസ് സയ്യിദിന്റെ സംഘടനയായ ജമാത്ത് ഉദ് ദവയ്ക്ക് ഫണ്ടിംഗ് ലഭിക്കുന്നതിനാണ് പാക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ലഷ്‌ക്കര്‍ രൂപീകരിച്ചവരിലൊരാളായ മൗലാന അമീര്‍ ഹംസ, ‘ജെയ്‌ഷെ ഇ മന്‍ഖഫാ’ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചതായാണ് റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹഫീസിന്റെ അടുത്ത അനുയായി ആയിരുന്നു അമീര്‍ ഹംസ.
ഹഫീസ് നടത്തി വരുന്ന ജമാത്ത് ഉദ് ധവ, ഫലാ ഇ ഇന്‍സാനിയത് എന്നീ സംഘടനകളില്‍ നിന്ന് അമീര്‍ ഹംസയ്ക്ക് ഫണ്ട് ലഭിച്ചിരുന്നു. എന്നാല്‍ ഫണ്ട് നിരോധനം വന്നതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് സംഘടനയെ വിളളലിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.