പാക് വിദേശകാര്യമന്ത്രിക്കെതിരെ മാനനഷ്ട കേസ് നൽകി മുംബൈ ഭീകരാക്രമണ സൂത്രധാരൻ

HAFIZ-SEYD

ന്യൂയോർക്ക് : പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിനെതിരെ മാനനഷ്ടക്കേസുമായി കുപ്രസിദ്ധ ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദ് രംഗത്ത്.

മുസ്‍ലിം മതവിശ്വാസിയും കടുത്ത ഭക്തനുമായ തന്നെ ‘അമേരിക്കയ്ക്കു പ്രിയപ്പെട്ടവൻ’ എന്നു വിശേഷിപ്പിച്ച ഖ്വാജ ആസിഫിന്റെ പരാമർശമാണ് ഹാഫിസ് സയീദിനെ ചൊടിപ്പിച്ചത്.

അഭിഭാഷകനായ എ.കെ. ദോഗർ മുഖേനയാണ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സയീദ് വക്കീൽ നോട്ടീസ് അയച്ചത്.

ഖ്വാജ ആസിഫിന്റെ പരാമർശം പാക്കിസ്ഥാനിൽ മാത്രമല്ല, ലോകത്തെങ്ങും തന്റെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന് വക്കീൽ നോട്ടിസിൽ സയീദ് ആരോപിച്ചു.

ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി ഫോറത്തിൽ പങ്കെടുക്കുമ്പോഴാണ് ഖ്വാജ ആസിഫ് ഈ പരാമർശങ്ങൾ നടത്തിയത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സായീദും ലഷ്‌കറെ തയിബ, ഹഖാനി ഭീകരരും രാജ്യത്തിനു ബാധ്യതയാണെന്നു ഖ്വാജ ആസിഫ് പ്രസംഗിച്ചിരുന്നു.

ഭീകരതയുടെ പേരിൽ ആരും പാക്കിസ്ഥാനെ പഴിചാരേണ്ടെന്നും 20–30 വർഷം മുൻപ് ഈ ഭീകരസംഘടനകൾ അമേരിക്കയ്ക്കു ‘പ്രിയപ്പെട്ടവർ’ ആയിരുന്നുവെന്നുമായിരുന്നു ആസിഫിന്റെ വാക്കുകൾ.

‘അന്ന് അവർക്കു വൈറ്റ് ഹൗസിലായിരുന്നു വിരുന്ന്. ഇപ്പോൾ നിങ്ങൾ പറയുന്നു, പാക്കിസ്ഥാനികൾ തുലയട്ടെ. നിങ്ങളാണ് ഈ കൂട്ടരെ വളർത്തിയത്’– ഖ്വാജ ആസിഫ് പറഞ്ഞു. ‘അവർ ബാധ്യതയാണെന്നത് ഞാൻ അംഗീകരിക്കുന്നു.

എന്നാൽ , ഈ ബാധ്യത തീർക്കാൻ ഞങ്ങൾക്കു സമയം നൽകണം. അതിനാവശ്യമായ ആസ്തി ഇപ്പോൾ ഞങ്ങൾക്കില്ല.’ അഫ്ഗാനിലെ എല്ലാ പ്രശ്നങ്ങൾക്കും പാക്കിസ്ഥാനെ ബലിയാടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഖ്വാജ ആസിഫിന്റെ പരാമർശങ്ങൾക്കെതിരെ അഭിഭാഷകനായ എ.കെ. ദോഗർ മുഖേനയാണ് ഹാഫിസ് സയീദ് നോട്ടിസ് അയച്ചത്.

തികഞ്ഞ ഭക്തനും മുസ്‍ലിം മതവിശ്വാസിയുമാണ് തന്റെ കക്ഷിയെന്ന് ദോഗർ വ്യക്തമാക്കി. അദ്ദേഹം ഒരിക്കൽപ്പോലും വൈറ്റ് ഹൗസിൽ പോയിട്ടില്ല.

അവരുമായി സംസാരിക്കുകയോ അവർക്കൊപ്പം ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല. സയീദ് വൈറ്റ് ഹൗസിൽവച്ച് വിരുന്നിൽ പങ്കെടുക്കുകയും വീഞ്ഞു കഴിക്കുകയും ചെയ്തെന്ന വിദേശകാര്യ മന്ത്രിയുടെ പരാമർശം ഞെട്ടിക്കുന്നതാണ്. ഇത് ഒഴിവാക്കേണ്ടിയിരുന്ന പരാമർശമാണെന്നും നോട്ടിസിൽ ദോഗർ വ്യക്തമാക്കി.

Top