ലാഹോർ: മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കറെ തയിബ നേതാവുമായ ഹാഫിസ് സയിദിനെ പാക്കിസ്ഥാൻ സർക്കാർ വീട്ടുതടങ്കിലിലാക്കിയതിന് പിന്നിൽ ഇന്ത്യയുടെ അദൃശ്യകരം.
ഹാഫിസ് സയിദിനെയും ദാവൂദ് ഇബ്രാഹിം അടക്കമുള്ള ഭീകര സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ട് നയതന്ത്ര തലത്തിൽ ശക്തമായ സമ്മർദ്ദം ഇന്ത്യ നടത്തിയിരുന്നെങ്കിലും പാക്ക് സർക്കാർ ഭീകരരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ച് പോന്നിരുന്നത്. എന്നാൽ അമേരിക്കയുടെ പുതിയ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റതോടെ സ്ഥിതിഗതികൾ മാറിയിരിക്കുകയാണ്.
സയിദിനെ ആറ് മാസത്തേക്കാണ് വീട്ട് തടങ്കലിലാക്കിയിരിക്കുന്നത്. ഇയാൾ നേതൃത്വം നൽകുന്ന ജമാഅത്തുദ്ദവയെ നിരോധിക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ഭീകരവാദത്തിനെതിരെ നിലപാടെടുത്തില്ലങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പാണ് സയിദിനെ തടങ്കലിലാക്കാൻ വഴി ഒരുക്കിയത്. സയിദിനെ വീട്ടുതടങ്കലിലാക്കിയതിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് ജമാഅത്തുദ്ദവ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ഈ വർഷം കാശ്മീരികൾക്കുള്ളതാണെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്നാണ് സംഘടന ട്വിറ്ററിൽ കുറിച്ചത്. ഇതിനെതിരെ കാശ്മീരിലെ ആയിരങ്ങൾ ശബ്ദിക്കുമെന്നും ജമാഅത്തുദ്ദവ അവകാശപ്പെടുന്നുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപിനുള്ള സൗഹൃദമാണ് അധികാരമേറ്റ ഉടനെ തന്നെ ഇത്തരമൊരു നീക്കം നടത്താൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്നാണ് പാക്കിസ്ഥാന്റെ നിഗമനം.
അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ചാലുള്ള പ്രത്യാഘാതമോർത്താണ് സയിദിനെ വീട്ട് തടങ്കലിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പാക്- പഞ്ചാബ് ആഭ്യന്തര വകുപ്പിനാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിർദ്ദേശം നൽകിയിരുന്നത്. നടപടിക്ക് മുൻപ് സൈനിക – ഐ എസ് ഐ മേധാവികളുമായും ഷെരീഫ് ചർച്ച നടത്തിയിരുന്നു.
നിരവധി മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് പാക്കിസ്ഥാനും ബാധകമാകുമെന്ന റിപ്പോർട്ടുകളും പാക് സർക്കാറിന്റെ ആശങ്കക്ക് പ്രധാന കാരണമായിരുന്നു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുമായി ഇനി മുന്നോട്ട് പോകാൻ കഴിയില്ലന്ന് പുതിയ അമേരിക്കൻ ഭരണകൂടം പാക്ക് സർക്കാരിന് മുന്നറിയിപ്പ് നൽകിയത് പാക്കിസ്ഥാനിലെ വിവിധ ഭീകര ഗ്രൂപ്പുകളെയും ഞെട്ടിച്ചിട്ടുണ്ട്.
സയിദിനെ ഇപ്പോൾ വീട്ടുതടങ്കലിലാണ് ആക്കിയതെങ്കിലും പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾ അമേരിക്ക തന്നെ മുൻകൈ എടുത്ത് ആക്രമിക്കാനുള്ള സാധ്യത നയതന്ത്ര വിദഗ്ദരും തള്ളിക്കളയുന്നില്ല. ഇതിന്റെയെല്ലാം മുന്നോടിയാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് അനുമാനം.
ഇന്ത്യ ഏറെ കാലമായി ആവശ്യപ്പെടുന്ന അധോലോക ക്രിമിനൽ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യക്ക് വിട്ട് നൽകാൻ നിലവിലെ സാഹചര്യത്തിൽ അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെടാനും ഇതോടെ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.
ഇന്ത്യക്ക് വിട്ട് നൽകാൻ തയ്യാറായില്ലങ്കിൽ പാകിസ്ഥാന് സ്വന്തം നിലക്ക് ദാവൂദിനെയും മറ്റും തടങ്കലിൽ വയ്ക്കേണ്ടി വരും. എന്ത് നടപടി സ്വീകരിച്ചാലും അതിന്റെ യാഥാർത്ഥ്യം അമേരിക്കൻ ചാര കണ്ണുകൾ കണ്ടെത്തുമെന്നതിനാൽ നടപടിയിൽ തട്ടിപ്പ് നടത്താൻ പാക്കിസ്ഥാൻ ഭരണകൂടത്തിനും പ്രയാസകരമായിരിക്കും.
ഇന്ത്യൻ അതിർത്തിയിലെ ഭീകര ക്യാംപുകൾ സംബന്ധമായി ലഭ്യമായ വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങളും അമേരിക്കക്ക് കൈമാറിയേക്കും.
അതേ സമയം ട്രംപിന്റെ പുതിയ നീക്കത്തെ അതീവ പ്രാധാന്യത്തോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. ഭീകരതക്കെതിരായ പോരാട്ടത്തിന് അമേരിക്കക്ക് ഒപ്പം നിൽക്കുക എന്നതാണ് മോദി സർക്കാറിന്റെ നയം. ട്രംപിന്റെ ഉപദേഷ്ടാവുമായി ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണ് നിരന്തരം സമ്പർക്കം പുലർത്തി വരുന്നത്.
അതിർത്തിയിലെ പാക്-ചൈനീസ് ഭീഷണി നേരിടാൻ അമേരിക്കയും ജപ്പാനും ഫ്രാൻസും റഷ്യയുമൊക്കെ അടങ്ങുന്ന വിപുലമായ ഒരു ഐക്യനിരയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇപ്പോൾ തന്നെ പാക്-ചൈനീസ് അതിർത്തി രാജ്യങ്ങളിലെ ബഹു ഭൂരിപക്ഷത്തിന്റെയും പിന്തുണ പോലും ഇന്ത്യക്കാണ്.
പാക്കിസ്ഥാനിൽ ചേരാൻ നിശ്ചയിച്ചിരുന്ന സാർക്ക് രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ നിന്ന് പാകിസ്ഥാനൊഴികെ എല്ലാ അംഗ രാഷട്രങ്ങളും പിൻ വാങ്ങിയതും പരിപാടി പൊളിഞ്ഞതും അന്തർദേശീയ രംഗത്ത് പാക്കിസ്ഥാന് വൻ തിരിച്ചടിയായിരുന്നു.