ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന പാക്ക് ഭീകരന്‍ ഹാഫിസ് സെയിദ് പാക്കിസ്ഥാനില്‍ പുതിയ ഓഫീസ് തുറന്നു.
പത്ത് മാസത്തോളം നീണ്ടുനിന്ന വീട്ടുതടങ്കലില്‍ നിന്നും വിട്ടയച്ചതിന് പിന്നാലെയാണ് ഹാഫിസ് സെയിദ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്ലീം ലീഗിന്റെ ഓഫീസ് തുറന്നിരിക്കുന്നത്.
ലാഹോറില്‍ ഞായറാഴ്ച നടന്ന ചടങ്ങിലാണ് ഓഫീസ് ഉദ്ഘാടനം ചെയ്തതെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹാഫിസ് സയിദിന്റെ പാര്‍ട്ടിയെ 2018ലെ പൊതുതിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സയിദിന്റെ പാര്‍ട്ടിയെ മത്സരിക്കാന്‍ അനുവദിച്ചാല്‍ അത് രാഷ്ട്രീയത്തിലെ തീവ്രവാദത്തിനും സംഘര്‍ഷത്തിനും ഇടയാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, ഹാഫിസ് സയിദിന്റെ ഉടമസ്ഥതയിലുള്ള ജമാത്തു ദഅ്വയുടെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്ലീം ലീഗ് (എം.എം.എല്‍) അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2002ലെ രാഷ്ട്രീയപാര്‍ട്ടി നിയമപ്രകാരം, തീവ്രവാദ സംഘടനയോ അതിന്റെ പോഷക സംഘടനയ്‌ക്കോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്.
ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പരിശീലനം നല്‍കുന്ന സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്കുണ്ട്.
ജമാത്തു ദഅ്വ അത്തരത്തില്‍ ഒരു പാര്‍ട്ടിയായതിനാല്‍ തന്നെ, അതിന്റെ പോഷക സംഘടനയായ മില്ലി മുസ്ലിം ലീഗും സമാന ആശയമായിരിക്കും പിന്തുടരുക. ഇത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സ്വന്തമായി ഓഫീസ് തുടങ്ങുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിക്കുന്നതും പാകിസ്ഥാനിലെ ഭരണം പിടിക്കാനുള്ള ഹാഫിസ് സയിദിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മതസംഘടനയായി ആരംഭിച്ച ഹാഫിസ് സെയിദിന്റെ മില്ലി മുസ്ലീം ലീഗ് പാര്‍ട്ടി അടുത്തിടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പാക്ക് ഭരണം പിടിക്കാന്‍ തന്നെയാകും ഹാഫിസിന്റെ ശ്രമമെന്നും ഒരു അന്താരാഷ്ട്ര മാധ്യമത്തിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
തീവ്രവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹാഫിസ് സെയിദിനെ രാഷ്ട്രീയത്തിലിറക്കാന്‍ സൈന്യം പദ്ധതിയിടുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി സെയിദിന്റെയും കൂട്ടാളികളുടെയും വീട്ടുതടങ്കല്‍ അവസാനിപ്പിക്കാന്‍ സൈന്യവും സര്‍ക്കാരും നീക്കം നടത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാതെ സര്‍ക്കാര്‍ ഹാഫിസിനെ പുറത്തിറക്കാനുള്ള വഴിയൊരുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.