ആഗോള ഭീകരൻ ഹാഫിസ് സയീദിന്റെ കൂട്ടാളികൾക്ക് തടവ് ശിക്ഷ

ലാഹോർ : ആഗോള ഭീകരൻ ഹാഫിസ് സയീദിന്റെ കൂട്ടാളികൾക്ക് തടവ് ശിക്ഷ വിധിച്ച് പാക് കോടതി. ജമാഅത്ത് ഉദ് ധവ ഭീകരരായ ഉമർ ബഹദാർ, നസറുള്ള, സമിയുള്ള, യാഹ്യ മുജാഹിദ്, സഫർ ഇക്ബാൽ എന്നിവരെയാണ് ഒൻപത് വർഷം കഠിന തടവിന് ശിക്ഷിച്ചത്. ലാഹോറിലെ ഭീകര വിരുദ്ധ കോടതിയുടേതാണ് നടപടി.

ഭീകര പ്രവർത്തനങ്ങൾക്ക് ധനം സമാഹരിച്ച കേസിലാണ് ഭീകരർക്ക് ശിക്ഷ വിധിച്ചത്. ഇവർക്ക് പുറമേ സമാന കേസിൽ ഹാഫിസ് സയീദിന്റെ സഹോദരൻ ഹാഫില് അബ്ദുൾ റഹ്മാനെയും കോടതി ശിക്ഷിച്ചു. ആറ് മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിനു പുറമേ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വഴി സ്വന്തമാക്കിയ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികളെ അതീവ സുരക്ഷയിലാണ് കോടതിയിൽ ഹാജരാക്കിയത്.

ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ച കേസിൽ പഞ്ചാബ് പോലീസാണ് ഭീകരർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ 41 എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹാഫിസ് സയീദിനെയുൾപ്പെടെ പ്രതി ചേർത്തായിരുന്നു പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം കരിമ്പട്ടികയിൽ ഉൾപ്പെടാതിരിക്കാനുള്ള പാകിസ്താന്റെ തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തൽ. ഭീകരർക്കെതിരെ നടപടിയെടുക്കണമെന്ന മുന്നറിയിപ്പുകൾ പാകിസ്താൻ തുടർച്ചയായി അവഗണിക്കുന്ന പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് എഫ്എടിഎഫ് താക്കീത് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Top