ന്യൂഡല്‍ഹി: രാജ്യത്ത് മുടിക്കും രക്ഷയില്ലാതായിരിക്കുന്നു. സ്വര്‍ണവും പണവും കവര്‍ന്ന സംഭവങ്ങള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍ മുടി കവര്‍ന്ന സംഭവം ഒരു പക്ഷെ ഇതാദ്യമായിരിക്കും. ഡല്‍ഹിയിലെ നാങ്ക്‌ളോയില്‍ ആണ് മുടി കവര്‍ച്ച നടന്നിരിക്കുന്നത്.
വിഗ് വ്യാപാരിയും സഹായിയും തോക്ക് ചൂണ്ടി ഭീഷിപ്പെടുത്തി 25 ലക്ഷം രൂപ വിലമതിക്കുന്ന മുടിയാണ് കവര്‍ന്നിരിക്കുന്നത്. ബിസിനസില്‍ എതിരാളിയായ കമ്പനിയില്‍ നിന്നാണ് ഇവര്‍ കൊള്ള നടത്തിയത്.
വിഗ് കയറ്റുമതി വ്യാപാരം നടത്തുന്ന അജയ് കുമാര്‍(42), സഹായി മംഗള്‍ സെന്‍ (42) എന്നിവര്‍ സംഭവവുമായി ബന്ധപ്പെട്ട്
പൊലീസ് പിടിയിലായിട്ടുണ്ട്. നാങ്ക്‌ളോയിലെ ജഹാംഗിര്‍ എന്റര്‍പ്രൈസസ് ആയിരുന്നു വിഗ് വ്യാപാരത്തില്‍ ഇയാളുടെ പ്രധാന എതിരാളി. ജൂലായ് 25ന് ഇവിടെയെത്തിയ അജയ് കുമാറും സഹായിയും മറ്റൊരാളും ചേര്‍ന്ന് ഉടമ ജഹാംഗിര്‍ ഹുസൈനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് ക്വിന്റല്‍ മുടി കവരുകയായിരുന്നു.
മുടിക്ക് പുറമേ 30,000 രൂപയും ഏതാനും മൊബൈല്‍ ഫോണുകളും ഇവര്‍ കവര്‍ന്നു. ഞായറാഴ്ച പിടിയിലായ പ്രതികളില്‍ നിന്നും 118 കിലോഗ്രാം മുടി പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.