പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചനാക്കേസിൽ ഷാജ് കിരണിൻറെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി മൊഴി നൽകാനാണ് നിർദേശം.
ഗൂഢാലോചന കേസിൽ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകിയിരുന്നു. സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 164 രേഖപ്പെടുത്തുന്നത്. സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തികലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സർക്കാറിനെതിരായ ഗൂഢാലോചന അന്വഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.