ഹജ്ജ് തീര്‍ഥാടനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവ് പൂര്‍ത്തിയായി

മക്ക : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച്ച ഉച്ചവരെയായി 16,84,629 വിദേശ ഹാജിമാരാണ് മക്കയിലും മദീനയിലുമായി എത്തിയത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായതെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യോമ, കര, കടല്‍ മാര്‍ഗ്ഗങ്ങളിലൂടെയുള്ള വിദേശ ഹാജിമാരുടെ വരവ് സുഖകരമായി പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.

വിദേശ ഹാജിമാരുടെ വരവ് പൂര്‍ത്തിയായതോടെ ജിദ്ദ അന്ത്രാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ താല്‍കാലികമായി അടച്ചു. ഇനി ഹജ്ജ് തീര്‍ഥാടനച്ചടങ്ങുകള്‍ക്കു ശേഷമാണ് ടെര്‍മിനല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക.

ജിദ്ദ, മദീന, തായിഫ് തുടങ്ങി വിവിധ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്‍മിനല്‍ വഴി 15,84,085 വിദേശ ഹാജിമാരാണ് എത്തിച്ചേര്‍ന്നത്. കര അതിര്‍ത്തികള്‍ വഴി 84,381 തീര്‍ഥാടകരും കപ്പല്‍ മാര്‍ഗ്ഗം 16,163 പേരും പുണ്യഭൂമിയിലേക്കെത്തി.

Top