ഹജ്ജ് കര്‍മങ്ങള്‍ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു

മക്ക: ഹജ്ജ് കര്‍മങ്ങള്‍ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. മിനായിലെ ജംറകളില്‍ തീര്‍ഥാടകര്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ഹജ്ജ് തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്.

ഇന്നലെ പകല്‍ മുഴുവന്‍ അറഫയിലും രാത്രി മുസ്ദലിഫയിലും ആരാധനാ കര്‍മങ്ങളുമായി കഴിഞ്ഞ ഹജ്ജ് തീര്‍ഥാടകര്‍ ഇന്ന് പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തി. മിനായിലെ ജംറകളില്‍ തീര്‍ഥാടകര്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ഇന്നലെ മുസ്ദലിഫയില്‍ നിന്നും ശേഖരിച്ച കല്ലുകള്‍ കൊണ്ട് മൂന്നു ജംറകളില്‍ പ്രധാനപ്പെട്ട ജംറതുല്‍ അഖബയിലാണ് ഇന്ന് തീര്‍ഥാടകര്‍ കല്ലെറിയുന്നത്. 20 വീതം തീര്‍ഥാടകരടങ്ങുന്ന സംഘങ്ങളായി ജമ്രാ പാലത്തിലെത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാന് കല്ലേറ് കര്‍മം നിര്‍വഹിക്കുന്നത്.

തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്. ജംറയിലെ കല്ലേറ് കര്‍മത്തിന് പുറമെ മക്കയില്‍ പോയി വിശുദ്ധ കഅബയെ വലയം ചെയ്യുക, ബലി നല്കുക, മുടിയെടുക്കുക തുടങ്ങിയ കര്‍മങ്ങളെല്ലാം നിര്‍വഹിക്കും. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് എന്നു തുടങ്ങുന്ന മന്ത്രധ്വനികള്‍ക്കു പകരം ഇന്ന് മുതല്‍ തീര്‍ഥാടകര്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി തുടങ്ങി. പുരുഷന്മാര്‍ ഇഃറാമിന്റെ പ്രത്യേക വസ്ത്രം മാറ്റി ഇന്ന് സാധാരണ വസ്ത്രം ധരിക്കും.

കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മിനായിലെ തംപുകളില്‍ തന്നെ തിരിച്ചെത്തും. നാളെയും മറ്റന്നാളും മിനായിലെ തംപുകളില്‍ താമസിച്ച് മൂന്നു ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. വ്യാഴാഴ്ച വരെ ഹജ്ജ് കര്‍മങ്ങള്‍ തുടരും.

 

Top