കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിക്കുകയായിരുന്നു. 1,65,000 രൂപ ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റിലേക്ക് എയര്‍ ഇന്ത്യ നിശ്ചയിച്ചിരുന്ന നിരക്ക്. ഇതിൽ 42000 രൂപയാണ് കുറച്ചത്. അതോടെ 1,23,000 രൂപ ആയിരിക്കും കരിപ്പൂരില്‍ നിന്നുള്ള പുതിയ നിരക്ക്.
യാത്രാക്കൂലി കുറയ്ക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ചതായി കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്‍റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയും തീര്‍ത്ഥാടകരുടെ ക്ഷേമം ലക്ഷ്യമിട്ടുമാണ് യാത്രാക്കൂലിയില്‍ കുറവ് വരുത്തിയതെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
ടിക്കറ്റ് ചാർജ് കുറച്ചെങ്കിലും മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ അധിക തുകതന്നെയാണ് ഇപ്പോഴും തീർഥാടകർ നൽകേണ്ടി വരുന്നത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവർ 86000 രൂപയാണ് യാത്രാകൂലിയായി നൽകേണ്ടത്.