ന്യൂഡല്‍ഹി: ഹജ്ജ് നയത്തിന്റെ കരട് നിര്‍ദേശങ്ങള്‍ പുനപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
സ്വകാര്യ ഏജന്‍സികള്‍ക്കുള്ള ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പിന്‍വലിക്കുക, 70 വയസ് കഴിഞ്ഞവര്‍ക്ക് സഹായിയെ കൂടെക്കൂട്ടാനുള്ള സൗകര്യം പുനസ്ഥാപിക്കുക, കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട്ട് മാറ്റുക എന്നിവയായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍.
ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം അറിയിക്കാമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
ഡല്‍ഹിയില്‍ മന്ത്രി കെ.ടി.ജലീലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ ഉറപ്പ്.