തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍.ഒരു പ്രത്യേക മതവിഭാഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത് മതേതരത്വത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം മത – രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ജനതയും അംഗീകരിക്കും. മുസ്ലീം മതവിഭാഗങ്ങളില്‍പെടുന്ന വലിയൊരു വിഭാഗം ഇപ്പോഴും വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതെയിരിക്കുകയാണ്. ഇവരുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിന് ഈ പണം ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരൂമാനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കോണ്‍ഗ്രസ് നടപടിയെ മുസ്ലീം സമുദായത്തിലെ പുരോഗമനവാദികള്‍ തള്ളിക്കളയുമെന്നും വി.മുരളീധരന്‍ പറഞ്ഞു.