പെര്‍മിറ്റില്ലാത്തവരെ ഹജ്ജിന് കൊണ്ടുപോയാല്‍ ആറു മാസം ജയിലും പിഴയും

Hajj

റിയാദ്: ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ തീര്‍ഥാടനത്തിനായി മക്കയിലേക്ക് കൊണ്ടുപോവുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി സൗദി ഭരണകൂടം. ഹജ്ജിന് അനുമതിയില്ലാത്തവരെ കൊണ്ടുപോവുന്ന വഴിയില്‍ വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍ക്ക് ആറു മാസം തടവും അര ലക്ഷം റിയാല്‍ പിഴയുമായിരിക്കും ശിക്ഷയെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് (ജവാസാത്ത്) അറിയിച്ചു.

തടവിനും പിഴയ്ക്കും പുറമെ, അനധികൃതമായി ആളുകളെ കടത്താന്‍ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുകയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നല്‍കി. ഒന്നിലധികം അനധികൃത യാത്രക്കാര്‍ വാഹനത്തിലുണ്ടെങ്കില്‍ ശിക്ഷ ഇരട്ടിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അനുവദിച്ചതില്‍ കൂടുതല്‍ തീര്‍ഥാടകര്‍ മക്കയിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കര്‍ക്കശമാക്കിയിരിക്കുന്നത്.

നിയമപരമായി ലഭിച്ചതല്ലാതെ വ്യാജമായി ഉണ്ടാക്കിയ ഹജ്ജ് പെര്‍മിറ്റ് ഉപയോഗിച്ച് മക്കയില്‍ ഹജ്ജ് തീര്‍ഥാടനത്തിനെത്തുന്ന പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തും. അവരെ 10 കൊലത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ജവാസാത്ത് അറിയിച്ചു. നിയമവിരുദ്ധമായി മക്കയിലെത്തുന്നവരെ കണ്ടെത്തുന്നതിന് പ്രവേശന കവാടങ്ങളിലും മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കും. സൗദിയില്‍ നിന്ന് നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീട് തൊഴില്‍ വിസയില്‍ പ്രവേശനം അനുവദിക്കില്ലെന്നാണ് നിയമം. ഹജ്ജ്, ഉംറ ആവശ്യത്തിന് മാത്രമേ അവര്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരാനാവൂ.

അതേസമയം, ഹജ്ജ് പെര്‍മിറ്റില്ലാതെ അനധികൃതമായി ആരെങ്കിലും മക്കയില്‍ പ്രവേശിച്ചാല്‍ 10,000 റിയാല്‍ പിഴ ചുമത്താനുള്ള തീരുമാനം ജൂലൈ അഞ്ചു മുതല്‍ നിലവില്‍വന്നതായും ജവാസാത്ത് വ്യക്തമാക്കി. തീര്‍ഥാടന കേന്ദ്രങ്ങളായ മസ്ജിദുല്‍ ഹറാം, സെന്‍ട്രല്‍ ഹറം പ്രദേശം, മിന, മുസ്ദലിഫ, അറഫാത്ത് തുടങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഈ നിയമലംഘനം ആവര്‍ത്തിക്കുന്നതിന് അനുസരിച്ച് പിഴസംഖ്യ ഇരട്ടിയാവും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 60,000 പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്.

കൊവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണിത്. തീര്‍ഥാടകരെ 20 പേരടങ്ങുന്ന ചെറു സംഘങ്ങളായി തിരിച്ച് അവര്‍ക്കൊരു ഹെല്‍ത്ത് എക്സ്‌കോര്‍ട്ടിനെ ഏര്‍പ്പെടുത്താന്‍ ഹജ്ജ് ഉംറ മന്ത്രാലയം നേരത്തേ തീരുമാനിച്ചിരുന്നു. കണക്കില്‍ പെടാത്ത ആളുകള്‍ തീര്‍ഥാടനത്തിനെത്തുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുമെന്നതിനാലാണ് അനധികൃതമായി വരുന്നവര്‍ക്കെതിരേ ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

 

Top