ഹലാല്‍ ടൂറിസത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് യുഎഇ

അബുദാബി: ഹലാല്‍ ടൂറിസത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് യുഎഇയാണെന്ന് റിപ്പോര്‍ട്ട്. 17.6 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ 2017 ല്‍ യുഎഇ ജനത ഈ വിഭാഗത്തില്‍ ചെലവഴിച്ചിരിക്കുന്ന തുക. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

മുസ്ലിം ജനതയ്ക്ക് നിഷിദ്ധമായ മദ്യം, പന്നി, മാംസം എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള പാക്കേജുകളാണ് ഹലാല്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി തയാറാക്കിയ പട്ടികയില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും, മൂന്നാം സ്ഥാനം കുവൈറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ആഗോള മുസ്ലിം സഞ്ചാര മേഖല നിലവില്‍ 180 ബില്യണ്‍ ഡോളറിന്റേതാണ്. 2020 ഓടുകൂടി ഇതിന്റെ തോത് 220 ബില്യണ്‍ കടക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ ഒരോ വ്യക്തിയും ചെലവഴിച്ച തുക 1374 ഡോളറാണ്. ഇത് 2020 ആകുമ്പോഴേക്കും 1410 ഡോളറാകുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

Top