ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറാണ് കേരളത്തിന് ആശങ്കയേറ്റുന്ന കണക്കുകള്‍ പുറത്ത് വിട്ടത്. രാജ്യത്തെ 37 ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. ഇതില്‍ 11 ജില്ലകളും കേരളത്തിലാണ്. തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും രോഗികളുടെ എണ്ണം ഉയരുകയാണ്.
11 സംസ്ഥാനങ്ങളിലെ 44 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 51.51 ശതമാനമാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ ചികിത്സയില്‍ ഉളളതും കേരളത്തില്‍ മാത്രം. തിരുവനന്തപുരം ,കോട്ടയം ,ആലപ്പുഴ എന്നീ ജില്ലകള്‍ ഒഴികെ സംസ്ഥാനത്ത് മറ്റെല്ലാ ജില്ലകളിലും രോഗവ്യാപനം രൂക്ഷമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചില ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 86 ഡെല്‍റ്റ പ്ലസ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതില്‍ 34 രോഗികളും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 28,204 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.