ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രിയുടെ അറിയിപ്പ്

ഗാസ: ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. എംബസി അധികൃതര്‍ ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബന്ദികള്‍ നിലവില്‍ എവിടെയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. തായ് പൗരന്മാരെ വിട്ടയച്ചതിന് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറുമായി ബന്ധമില്ല എന്നാണ് വിവരം.

വിട്ടയച്ച തായ് ബന്ദികള്‍ റഫ ക്രോസിംഗ് വഴി ഇസ്രായേലിലേക്ക് കടന്നതായും ഇവരെ ജറുസലേമിലെ ഷമീര്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോവുകയാണെന്നും തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെവെച്ച് എല്ലാവര്‍ക്കും വൈദ്യസഹായം നല്‍കുകയും 48 മണിക്കൂര്‍ തങ്ങുകയും ചെയ്യും. ഈ 12 പേരും പുരുഷന്മാരാണ്. ഈജിപ്തിന്റെ ശക്തമായ പരിശ്രമത്തിന്റെ ഫലമായാണ് 12 തായ് പൗരന്മാരെ വിട്ടയക്കുന്നതെന്ന് ഈജിപ്ഷ്യന്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസും പറഞ്ഞു. അതേസമയം ഹമാസ് ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള 24 ഇസ്രയേല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചതായി റെഡ്‌ക്രോസ് സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 24 ബന്ദികളെ സുരക്ഷിതമായി മോചിപ്പിച്ചതായി സ്ഥിരീകരിച്ചതില്‍ തങ്ങള്‍ക്ക് ആശ്വാസമുണ്ടെന്ന് അവര്‍ എക്സില്‍ കുറിച്ചു. റെഡ്‌ക്രോസ് ആയിരുന്നു ഗാസയില്‍ നിന്ന് റാഫ അതിര്‍ത്തിയിലേക്ക് ബന്ദികളെ കൊണ്ടുവന്നത്. ഈജിപ്ത് കടന്ന ഇവര്‍ ഇസ്രയേല്‍ സുരക്ഷാസേവകരുടെ അടുത്തെത്തിയതായി ഇസ്രയേല്‍ സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു.

Top