ഗാസ: യുഎന്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ആക്രമണത്തില്‍ നിരവധി പേര് മരിച്ചതായാണ് സൂചന. അല്‍ ഷിഫാ ആശുപത്രി നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചെന്നും ഹമാസ് ആരോപിക്കുന്നു. ഗാസയും വെസ്റ്റ് ബാങ്കും പലസ്തീന് അതോറിറ്റിക്ക് കീഴില്‍ വീണ്ടും ഒന്നിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നിര്‍ദേശിച്ചു.
എന്നാല്‍ ഗാസയുടെ ഭരണം പലസ്തീന് അതോറിറ്റിക്ക് കൈമാറണമെന്ന യുഎസ് നിര്‍ദേശം ഇസ്രയേല്‍ തള്ളി. അതേസമയം ഗാസയിലെ ദൈനംദിന മിനിമം ആവശ്യകതകള്‍ നിറവേറ്റുന്നതിന് കൂടുതല്‍ ഇന്ധനം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ വിശദമാക്കി. ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകള്‍, മലിനജല പമ്പുകള്‍, ആശുപത്രികള്‍, ഷെല്‍ട്ടറുകളിലെ വാട്ടര്‍ പമ്പുകള്‍, സഹായ ഉപകരണങ്ങള്‍ എന്നിവയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോഴുള്ല ഇന്ധനം പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഗാസയും വെസ്റ്റ് ബാങ്കും പലസ്തീന് അതോറിറ്റി ഭരിക്കണമെന്നാണ് തന്റെ നിര്‍ദ്ദേശമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വാഷിംഗ്ടണ്‍ പോസ്റ്റിലെ ലേഖനത്തില്‍ പറഞ്ഞു. ഗാസയില്‍ നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത്, അധിനിവേശം പാടില്ല, ഉപരോധമോ തടസ്സമോ ഉണ്ടാകരുത്. യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍, പലസ്തീന് ജനതയുടെ ഉന്നമനം കേന്ദ്രമാക്കിയായിരിക്കണം ഭരണമെന്നാണ് ബൈഡന്റെ നിര്‍ദ്ദേശം.