ഖത്തറിന്റെ നേതൃത്വത്തില്‍ മദ്ധ്യസ്ഥത; ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് ഹമാസ് നേതാവ്

സ്രയേലുമായി ഉടന്‍ വെടിനിര്‍ത്തല്‍ കരാര്‍ നടത്തുമെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ. ടെലഗ്രാമിലൂടെ നല്‍കിയ പ്രസ്താവനയിലാണ് ഹനിയ്യയുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളാണ് വെടിനിര്‍ത്തലിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ മദ്ധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇസ്മയില്‍ ഹനിയയും ഖത്തറിലാണ്.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ ചിലരെ വിട്ടയക്കുന്നതിന് പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയെന്നാണ് സൂചന. ഇതിനോടകം 13,300ല്‍ അധികം പേര്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബന്ദികളില്‍ ചിലരെ വിട്ടയക്കാനും പകരം താത്കാലികമായ വെടിനിര്‍ത്തല്‍ അംഗീകരിക്കാനുമുള്ള കരാര്‍ വളരെ ചെറിയ പ്രായോഗിക തടസങ്ങളില്‍ തട്ടിനില്‍ക്കുകയാണെന്നായിരുന്നു തിങ്കളാഴ്ച ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞത്. ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ഉടന്‍ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അഭിപ്രായപ്പെട്ടു.

Top