ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ ബന്ദികളെ വിട്ടയക്കാന്‍ പുതിയ ഉപാധി മുന്നോട്ടുവച്ച് ഹമാസ്. ഇസ്രയേല്‍ തടവിലാക്കിയിരിക്കുന്ന മുഴുവന്‍ പലസ്തീനികളെയും വിട്ടയച്ചാല്‍ ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഒബെയ്ദ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് സര്‍വ സുരക്ഷാ സംവിധാനങ്ങളും പൊളിച്ച് ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണത്തില്‍ ഇരുനൂറിലധികം പേരെ ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയിരുന്നു. ഇവരെ വിട്ടയക്കണമെങ്കില്‍ ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം ഹമാസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനുപിന്നാലെയാണ് പുതിയ ആവശ്യവുമായി ഹമാസ് രംഗത്തെത്തുന്നത്.
ഒക്ടോബറിന് ശേഷം ഇസ്രയേല്‍ ആരംഭിച്ച പുതിയ അക്രമണപരമ്പരയിലെ ഏറ്റവും വലിയ വ്യോമാക്രമണത്തിനായിരുന്നു കഴിഞ്ഞ ദിവസം ഗാസ സാക്ഷ്യം വഹിച്ചത്. മുനമ്പിലെ പത്ത് ലക്ഷത്തിലധികം കുട്ടികള്‍ വലിയ ഭീതിയിലാണ് കഴിയുന്നതെന്ന് സേവ് ദ ചില്‍ഡ്രന്‍ എന്ന മാനുഷിക സംഘടന പറഞ്ഞിരുന്നു. നിലവില്‍ ഗാസയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയാനുള്ള ആശയവിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണ്. ഏകദേശം 7,703 പലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്.
അതേസമയം, ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ വലിയ ബോംബാക്രമണത്തിന് പിന്നാലെ കരമാര്‍ഗവും സൈന്യം ഗാസയിലേക്ക് പ്രവേശിച്ചതായി ഇസ്രയേല്‍ അറിയിച്ചു. സംഘര്‍ഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നതായി ഇസ്രയേല്‍ സൈന്യത്തിന്റെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഹെര്‍സി ഹാലെവി അറിയിച്ചിരുന്നു. ഗാസ മുനമ്പിലെ കരയാക്രമണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.