ബന്ദിയാക്കിയ യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ്

ഗാസ സിറ്റി: ഒക്ടോബര്‍ ഏഴിലെ ‘ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ളഡി’നിടെ ഇസ്രയേലില്‍വെച്ച് ബന്ദിയാക്കിയ യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ്. മിയ ഷെം എന്നു പേരുള്ള ഇരുപത്തൊന്നുകാരിയുടെ വീഡിയോ ആണ് തിങ്കളാഴ്ച പുറത്തുവിട്ടത്. കൈയില്‍ ബാന്‍ഡേജിട്ട നിലയിലാണ് യുവതിയുള്ളത്.

മിയയുടെ പരിക്കേറ്റ വലതുകൈക്ക് ശുശ്രൂഷ നല്‍കുന്നതാണ് ദൃശ്യങ്ങളുടെ ആദ്യഭാഗം. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വേണ്ടിവന്ന കാര്യം യുവതി പറയുന്നുണ്ട്. അവര്‍ എന്നെ പരിചരിക്കുന്നു, ചികിത്സിക്കുന്നു, മരുന്നുകള്‍ നല്‍കുന്നു. എല്ലാം ഓകെയാണ്. എത്രയും വേഗം വീട്ടിലെത്തി കുടുംബത്തെ കാണണം. ദയവായി ഞങ്ങളെ എത്രയും പെട്ടെന്ന് ഇവിടെനിന്ന് പുറത്തുകടത്തണമെന്നും യുവതി വീഡിയോയില്‍ ആവശ്യപ്പെടുന്നു.

ഗാസ അതിര്‍ത്തിക്കു സമീപം സ്ഥിതിചെയ്യുന്ന സ്ദെറോത്ത് നഗരവാസിയാണ് യുവതിയെന്ന് ദൃശ്യങ്ങളില്‍ പറയുന്നു. സംഗീത പരിപാടിക്കിടെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 260 ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. ആ പരിപാടിയില്‍ മിയയും പങ്കെടുത്തിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട മിയയെ ഹമാസ് ബന്ദിയാക്കി പിടികൂടുകയായിരുന്നു.

മിയയെ ഹമാസ് ബന്ദിയാക്കിയ കാര്യം ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥര്‍ മിയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ആശ്വാസം പകര്‍ന്നിരുന്നതായും ഐ.ഡി.എഫ്. അറിയിച്ചു. ഇസ്രയേല്‍ – ഫ്രഞ്ച് പൗരത്വമുള്ള സ്ത്രീയാണ് മിയ. മിയ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ വിട്ടയക്കാന്‍ സഹായിക്കണമെന്ന് അവരുടെ കുടുംബം നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് അഭ്യര്‍ഥിച്ചിരുന്നു.

Top