ടെല്‍ അവീവ്: ഇസ്രയേലിന്റെ ഗാസ ആക്രമണം തുടങ്ങിയശേഷം 50 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. 224 പേരെ ഹമാസ് ബന്ദികളാക്കിയെന്ന ഇസ്രയേലിന്റെ നിലപാടിന് പിന്നാലെയാണ് ഹമാസിന്റെ വെളിപ്പെടുത്തല്‍. ടെലിഗ്രാം ചാനലിലൂടെ ഹമാസിന്റെ സായുധവിഭാഗം പുറത്തിറക്കിയ പ്രസ്താവനയിലാണ് പരാമര്‍ശം. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ വക്താവായ അബു ഒബൈദയുടെ പേരിലാണ് പ്രസ്താവന.
നാലുബന്ദികളെ ഇതുവരെ ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. അമേരിക്കയും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബന്ദികളെ വിട്ടുകിട്ടുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ ഇപ്പോളും തുടരുകയാണ്. ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉടനുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി ബുധനാഴ്ച ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ഖത്തറിന്റേയും ഈജിപ്തിന്റേയും സമാധാനചര്‍ച്ചകളുടെ ഫലമായാണ് കഴിഞ്ഞ ദിവസം രണ്ട് പ്രായംചെന്ന ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നത്. നൂറിറ്റ് കൂപ്പര്‍, യോച്ചെവെഡ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് വിട്ടയച്ചത്. 79ഉം 85-ഉും ആണ് ഇരുവരുടേയും പ്രായം. ഇവരുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മനുഷ്യത്വപരമായ ചില കാരണങ്ങളാലാണ് ഇരുവരേയും വിട്ടയയ്ക്കുന്നതെന്ന് ഹമാസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.