ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ ഹാമില്‍ട്ടണ്‍

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ ഏഴ് തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍. ഇറ്റലിക്കെതിരായ ഫൈനലില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മാര്‍ക്കസ് റക്‌സ്‌ഫോര്‍ഡ്, ജാദോണ്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നീ താരങ്ങള്‍ക്കെതിരെ ഒരു കൂട്ടം ഇംഗ്ലണ്ട് ആരാധകര്‍ നടത്തിയ അധിക്ഷേപത്തെ അപലപിച്ചാണ് ഹാമില്‍ട്ടണ്‍ രംഗത്തെത്തിയത്.

വംശീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇനിയും എത്ര മുന്നോട്ട് പോകാനുണ്ടെന്നാണ് മൂന്ന് കളിക്കാര്‍ക്കും എതിരെയുള്ള അധിക്ഷേപം കാണിച്ച് തരുന്നതെന്ന് ഹാമില്‍ട്ടണ്‍ പറഞ്ഞു. ”സമ്മര്‍ദം എന്നത് ഒരു കായിക താരത്തോടൊപ്പം എപ്പോഴുമുള്ളതാണ്. എന്നാല്‍ നിങ്ങള്‍ പ്രതിനിധീകരിക്കുന്നത് രാജ്യത്തെ ന്യൂനപക്ഷത്തെയാണെങ്കില്‍ അതു വളരെ കടുപ്പമേറിയ അനുഭവമാവും” ഹാമില്‍ട്ടണ്‍ പറഞ്ഞു.

‘വിജയം എന്നത് എപ്പോഴും മധുരമുള്ളതാണ്. എന്നാല്‍ തോല്‍വിയില്‍ വംശീയ അധിക്ഷേപം കൂടിച്ചേരുമ്പോള്‍ അതിന്റെ ആഘാതം വളരെ വലിയതാണ്. വിജയത്തിലൂടെ മാത്രം കറുത്ത വര്‍ഗക്കാരായ കളിക്കാര്‍ക്ക് അവരുടെ മൂല്യമോ സ്ഥാനമോ തെളിയിക്കേണ്ടതില്ലാത്ത ഒരു സമൂഹത്തിനായി നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്” ഹാമില്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു

അതേസമയം ആത്യന്തികമായി ഇംഗ്ലണ്ട് ടീമിലെ എല്ലാവരും അവരുടെ നേട്ടത്തെക്കുറിച്ചും, അവര്‍ എങ്ങനെ രാജ്യത്തെ പ്രതിനിധീകരിച്ചു എന്നതിനെക്കുറിച്ചും അഭിമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആയിരക്കണക്കിന് ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. നിരവധി അക്കൗണ്ടുകള്‍ വിലക്കുകയും ചെയ്തിട്ടുണ്ട്.

 

Top