കൊച്ചി : പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് താന്‍ മീന്‍ കച്ചവടം ചെയ്യാനെത്തിയത് എന്ന ആരോപണത്തെ എതിര്‍ത്ത് ഹനാന്‍ രംഗത്ത്. പഠനത്തിനായാണ് മീന്‍ വില്‍ക്കുന്നതെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും ഹനാന്‍ പറഞ്ഞു.
കലാഭവന്‍ മണി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ അവസരം നല്‍കിയിരുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന തന്നെ കേരളം മുഴുവന്‍ ട്രോളുകള്‍ കൊണ്ട് ആക്ഷേപിക്കുകയാണ്. ഏഴാം ക്ലാസ് മുതല്‍ ദുരിതം തുടങ്ങിയതാണ്. മുത്തു മാല വിറ്റും ട്യൂഷനെടുത്തുമാണ് താന്‍ ജീവിക്കുന്നതെന്നും ഹനാന്‍ പറഞ്ഞു.
അതേസമയം, ഹനാന്‍ പറഞ്ഞതെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹനാന്‍ പഠിക്കുന്ന അല്‍ അസര്‍ ആര്‍ട്‌സ് കോളേജ് ഡയറക്ടര്‍ പൈജാസ് മൂസ. ഫേസ്ബുക്ക് ലൈവിലൂടെയാണ് പൈജാസ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഫീസ് അടയ്ക്കാനുള്ള പണമില്ലാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് താന്‍ പല തവണ നല്‍കിയിട്ടുണ്ട്. ഹനാന്റെ മാതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. അച്ഛനെക്കുറിച്ച് അറിയില്ല. ഹനാന്റെ സഹോദരനും കോളേജിലെ വിദ്യാര്‍ഥിയാണെന്നും ഡയറക്ടര്‍ വ്യക്തമാക്കി.
ഹനാന്റെ സഹപാഠികളും സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഹനാനെതിരെയുള്ള വിമര്‍ശനങ്ങള്‍ തെറ്റാണെന്നും ഹനാനെ തങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും അവര്‍ പറഞ്ഞു. ജീവിതം തന്നെ ത്യാഗം ചെയ്ത് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഹനാന്‍. അങ്ങനെയുള്ള ഹനാന് ഒരു സിനിമയ്ക്കു വേണ്ടി ഇത്തരം പബ്ലിസ്റ്റിയുടെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. ഹനാനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ കോളേജിലേക്ക് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. സത്യാവസ്ഥ തിരിച്ചറിയാതെ ഹനാനെ വിമര്‍ശിക്കരുതെന്നും അവര്‍ വ്യക്തമാക്കി.