കൊച്ചി: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനായിരുന്നു സോഷ്യല്‍ മീഡയയിലെ താരം. സഹായവും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങുകയും ചെയ്തു ഹനാന്‍. ഹനാന്റെ കഷ്ട്ടപ്പാടിന്റെ സമ്മാനമായി പ്രണവ് മോഹന്‍ലാലിന്റെ സിനിമയില്‍ അവസരം നല്‍കി സംവിധായകന്‍ അരുണ്‍ ഗോപി എത്തിയിരുന്നു. അരുണ്‍ ഗോപിക്ക് പുറമെ നിരവധി സംവിധായകരാണ് ഹനാന് അവസരങ്ങള്‍ നല്‍കി മുന്നോട്ട് വന്നിരിക്കുന്നത്.
വിഷ്ണു നായകനായി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന മിഠായിത്തെരുവിലും ജിത്തു കെ ജയന്റെ അരക്കള്ളന്‍ മുക്കാല്‍ക്കള്ളനില്‍ സൗബിനൊപ്പവും അഭിനയിക്കാനുള്ള ക്ഷണം കിട്ടിയിരിക്കുകയാണ് ഹനാന്. നൗഷാദ് ആലത്തൂര്‍, അസീഫ് ഹനീഫ് എന്നിവരാണ് ഈ രണ്ടു ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.
തമ്മനത്തു യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണു ഹനാന്‍ ശ്രദ്ധാകേന്ദ്രമായത്. ഒട്ടേറെപ്പേര്‍ ഹനാന് സഹായവാഗ്ദാനവുമായി രംഗത്തുമെത്തി. തൊടുപുഴ അല്‍ അസ്ഹര്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഈ തൃശൂര്‍ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീന്‍ കച്ചവടത്തിന് എത്തിയത്.