അധ്യാപകന്റെ കൈവെട്ട് കേസ്; രണ്ടാം ഘട്ട വിധിയില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരില്‍ മൂന്ന് പേര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിക്കുക. വൈകീട്ട് മൂന്ന് മണിക്കാണ് വിധി പ്രസ്താവിക്കുന്നത്.

രണ്ടാം ഘട്ട വിധി പ്രസ്താവിച്ചത് കഴിഞ്ഞ ദിവസമാണ്. പതിനൊന്നു പ്രതികളില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാലു പ്രതികളെ വെറുതെ വിട്ടു. മൂന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ എംകെ നാസര്‍ കൃത്യത്തിന്റെ മുഖ്യ സൂത്രധാരനെന്നും രണ്ടാം പ്രതി സാജന്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നും കണ്ടെത്തി. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായും കൊച്ചിയിലെ എന്‍ഐഎ കോടതി വ്യക്തമാക്കി.

രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍ ,അഞ്ചാം പ്രതി നജീബ് ,ഒന്‍പതാം പ്രതി നൗഷാദ് എന്നിവര്‍ കുറ്റക്കാരനാണെന്നു വിധിക്കുകയും യുഎപിഎ ചുമത്തുകയും ചെയ്തു. പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ് , പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവരെ കുറ്റക്കാരാണെന്ന് വിധിച്ചെങ്കിലും ഇവര്‍ക്ക് യുഎപിഎ ചുമത്തിയിട്ടില്ല.ഒന്നാം പ്രതിയായ അശമന്നൂര്‍ സവാദ് ഇപ്പോഴും ഒളിവിലാണ് .നൗഷാദ് ,മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്കെതിരെ നിലനില്‍ക്കുന്നത് പ്രതികളെ സഹായിച്ചെന്ന കുറ്റം മാത്രമാണ്.അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, ഷഫീക്ക് എന്നെ നാലു പ്രതികളെയാണ് വെറുതെവിട്ടത്.

Top