കൊച്ചി: തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയില്‍ 18 കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നഗരസഭ അധ്യക്ഷയെ തടഞ്ഞു വച്ചതിനും അതിക്രമത്തിനുമെതിരെയാണ് 16 ഇടത് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ മര്‍ദിച്ചു എന്ന പരാതിയില്‍ രണ്ട് യുഡിഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും കേസെടുത്തു.
സീല്‍ ചെയ്ത ഓഫീസ് ക്യാബിനില്‍ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ കയറിയതിന് പിന്നാലെയാണ് ഇന്നലെ പ്രതിഷേധമുണ്ടായത്. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ക്യാബിന്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് തുറന്ന് കയറിയ അജിത ഫയലുകള്‍ പരിശോധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ക്യാബിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
അതേസമയം, അധ്യക്ഷയുടെ ചേംബറിന് മുന്നില്‍ രണ്ടാം ദിവസവും ഇടത് കൗണ്‍സിലര്‍മാര്‍ സമരം തുടങ്ങി. ഒരു കാരണവശാലും അധ്യക്ഷയെ ചേംബറിനുള്ളില്‍ കയറ്റില്ലെന്നാണ് ഇവരുടെ നിലപാട്. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ യുവജന സംഘടനകളും ഡിവൈഎഫ്‌ഐയും നഗരസഭയിലക്ക് മാര്‍ച്ച് നടത്തി.