ദോക്‌ലാമില്‍ ഇന്ത്യയുടെ കടന്നു കയറ്റം ചൈന നേരിട്ടത് സംയമനത്തോടെയെന്ന് വാങ് യി

ബെയ്ജിങ്: ഇന്ത്യന്‍ സൈന്യം ദോക്‌ലാമിലേക്കു കടന്നു കയറിയത് ചൈന ‘സംയമന’ത്തോടെയാണു നേരിട്ടതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ഇന്ത്യയുമായുള്ള ബന്ധത്തിന് എത്രമാത്രം ചൈന വില നല്‍കുന്നുവെന്ന നയതന്ത്രപരമായ സൂചന കൂടിയായിരുന്നു അതെന്നും ഇപ്പോള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന വാങ് യി പറഞ്ഞു.

ഇന്ത്യയുമായി നല്ല അയല്‍പക്ക ബന്ധവും സൗഹൃദവും ആഗ്രഹിക്കുന്ന രാജ്യമാണ് ചൈന. അതേസമയം തന്നെ ചൈനയ്ക്ക് അവകാശപ്പെട്ട കാര്യങ്ങളും രാജ്യതാത്പര്യങ്ങളുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്കുമില്ല. ദേശീയ താത്പര്യം മാനിച്ചാണ് ദോക്‌ലാമിലേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം സംയമനത്തോടെ നേരിട്ടത്. നയതന്ത്രതലത്തിലെ തീരുമാനത്തെത്തുടര്‍ന്നാണ് ഓഗസ്റ്റ് 28ന് സൈന്യത്തെ ദോക്‌ലാമില്‍ നിന്നു പിന്‍വലിച്ചതെന്നും മന്ത്രി പറഞ്ഞു.

ദോക്‌ലാം സംഭവത്തിനു ശേഷം ഇതാദ്യമായാണ് ചൈനയുടെ ഉന്നതതല പ്രതിനിധി ഇന്ത്യ സന്ദര്‍ശിക്കുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം ചര്‍ച്ച നടത്തി.

Top