ശ്രീനഗര്‍: ഹന്ദ്വാരയില്‍ സൈനികന്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനി മൂന്ന് ദിവസമായി പൊലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുന്നതിന് പൊലീസ് സ്റ്റേഷനിലേക്കെത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ പിതാവിനെ കസ്റ്റഡിയില്‍ വെക്കുകയായിരുന്നു.
അതേസമയം, പെണ്‍കുട്ടിയും പിതാവും സുരക്ഷിത കസ്റ്റഡിയിലാണെന്നാണ് പൊലീസ് വിശദീകരണം. പെണ്‍കുട്ടിയുടെ കുടുംബം പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉത്തം ചന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ പൊലീസിന്റെ വിശദീകരണത്തെ എതിര്‍ത്ത് പൗരാവകാശ സംഘടനകള്‍ രംഗത്തെത്തി. പെണ്‍കുട്ടിക്ക് വീട്ടില്‍ വെച്ചാണ് പൊലീസ് സംരക്ഷണം നല്‍കേണ്ടതെന്നും പൊലീസ് സ്റ്റേഷനില്‍ വെച്ചല്ലെന്നും ജെ ആന്റ് കെ സിവില്‍ സൊസൈറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഖുറാം പര്‍വേസ് പറഞ്ഞു.
തന്നെ സൈനികന്‍ പീഡിപ്പിച്ചില്ലെന്ന പെണ്‍കുട്ടിയുടെ വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത വീഡിയോയാണ് പുറത്ത് വിട്ടത്. പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പൊലീസ് ആവശ്യപ്പെടുന്നതിന്റെ ശബ്ദവും വീഡിയോയിലുണ്ട്.
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വര പ്രക്ഷുബ്ദമാവുകയും വ്യാപക പ്രതിഷേധവുമുണ്ടാവുകയും ചെയ്തു. മുഹമ്മദ് ഇഖ്ബാല്‍, യുവ ക്രിക്കറ്റ് താരം നഈം ഭട്ട്, വീടിനരികെ വയലില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്ന രാജ ബീഗം എന്നിവരാണ് സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.