ശ്രീനഗര്‍: ഹന്ദ്വാരയില്‍ സൈനികന്‍ പീഡിപ്പിച്ചുവെന്ന പരാതി നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മാതാവിനെ വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിച്ചില്ല. അധികൃതരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇന്ന് രാവിലെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കുകയായിരുന്നു.
സൈനികന്‍ പീഡിപ്പിച്ചുവെന്ന പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയും പിതാവും നാല് ദിവസങ്ങളായി പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. സുരക്ഷിത കസ്റ്റഡിയിലാണ് ഇവരെന്നും കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നുമാണ് പൊലീസിന്റെ വാദം. എന്നാല്‍ തങ്ങള്‍ പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി.
വെള്ളിയാഴ്ച വിദ്യാര്‍ത്ഥിയടക്കം രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടതോടെ മരിച്ചവരുടെ എണ്ണം ആറായി. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അധികാരമേറ്റ പിഡിപി-ബിജെപി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കശ്മീരില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്.
വെള്ളിയാഴ്ച പ്രാര്‍ഥനക്കു ശേഷം ദേശീയ പാതക്കരികില്‍ നത്നുസ ഗ്രാമത്തിലുള്ള സൈനികകേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാളും കുപ്വാരയില്‍ 18കാരനുമാണ് മരിച്ചത്.
നത്നുസയില്‍ പ്രകടനത്തിനിടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 19കാരനായ ആരിഫ് ഹുസൈന്‍ മരിച്ചതോടെയാണ് മരണം ആറായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നുപേരെ വിദഗ്ധ ചികിത്സക്കായി ശ്രീനഗറിലേക്ക് മാറ്റി. കുപ്വാരയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എറിഞ്ഞ കണ്ണീര്‍ വാതക ഷെല്ലുകള്‍ തലയില്‍ പതിച്ച് അഹ്മദ് ഗനായി എന്ന വിദ്യാര്‍ത്ഥിയുമാണ് കൊല്ലപ്പെട്ടത്.
കുപ്വാര ജില്ലയിലെ ഒരു സൈനിക പോസ്റ്റിലെ സൈനികര്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി എന്നാരോപിച്ചാണ് ജനക്കൂട്ടം പ്രതിഷേധ പ്രകടനം നടത്തിയത്. പിന്നീട് സൈന്യത്തിന് നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ സൈന്യം വെടി വയ്ക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നതായാണ് വിവരം.