ശ്രീനഗര്‍: ഹന്ദ്വാരയില്‍ സൈനികന്‍ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ നിലപാട് മാറ്റിപ്പറഞ്ഞു. ശനിയാഴ്ച രാത്രി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടി തന്നെ ഒരു സൈനികനും പീഡിപ്പിച്ചില്ലെന്ന് മൊഴി നല്‍കി. സ്‌കൂളില്‍ നിന്ന് വരുന്ന വഴിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ തന്നെ പിന്തുടരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോട് പറഞ്ഞത്.
സുഹൃത്തിനോടൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങുന്ന വഴി ഹന്ദ്വാരയിലെ പൊതുശൗചാലയത്തില്‍ കയറിയിരുന്നു. അവിടെ നിന്ന് ഇറങ്ങിയപ്പോഴാണ് രണ്ട് ആണ്‍കുട്ടികള്‍ തന്നോട് അപമര്യാദയായി പെരുമാറുകയും ബാഗ് തട്ടിയെടുത്തുകൊണ്ട് ഓടുകയും െചയ്തത്. ഇവരിലൊരാള്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു എന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി നല്‍കിയ ഈ മൊഴിയായിരിക്കും പ്രധാന തെളിവായി കോടതി സ്വീകരിക്കുക.
ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വീഡിയോ പൊലീസ് നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാല്‍, നാലഞ്ച് ദിവസങ്ങളായി അന്യായമായി പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന പെണ്‍കുട്ടിക്ക് മേലുള്ള സമ്മര്‍ദം മൂലമാകാം ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയത് എന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ അന്യായ തടങ്കലിനെതിരെ അവര്‍ േൈഹക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എസ്.ജെ.എം ഗീലാനി അറിയിച്ചു. മൊബൈല്‍ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കുപ് വാര ജില്ലയിലെ ഹന്ദ്വാരയില്‍ കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച കലാപത്തില്‍ ഇതുവരെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.