കശ്മീര്‍: സൈനികന്‍ പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി പൊലീസ് തന്റെ മകളെ കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് പെണ്‍കുട്ടിയുടെ മാതാവ്. മകളേയും ഭര്‍ത്താവിനേയും കസ്റ്റഡിയില്‍ നിന്ന് വിട്ട് കിട്ടണമെന്നും ഇവര്‍ പറഞ്ഞു. സ്‌കൂള്‍ വിട്ട് മറ്റു പെണ്‍കുട്ടികള്‍ക്കൊപ്പം വരികയായിരുന്ന മകള്‍ സമീപത്തുള്ള മാര്‍ക്കറ്റിലേക്ക് പോയി. അവിടത്തെ കുളിമുറിയില്‍ കയറിയ മകളുടെ പിറകെ സൈനികന്‍ കയറുകയായിരുന്നു.
പെണ്‍കുട്ടി അലറി വിളിച്ച് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിച്ചു. ഇതിനിടെ ആളുകള്‍ ഓടിക്കൂടിയപ്പോള്‍ സൈനികന്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുമായി പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ അവര്‍ പെണ്‍കുട്ടിയെ അവിടെ പിടിച്ചുവെച്ചു. പ്രതിഷേധിച്ച ആളുകള്‍ കല്ലെറിയുകയും സൈന്യം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.
കശ്മീരിലെ മനുഷ്യാവകാശ സംഘടനയായ കോലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റിപുറത്തുവിട്ട വീഡിയോയിലാണ് മാതാവ് സംസാരിക്കുന്നത്. മകള്‍ക്ക് 16 വയസ് മാത്രമാണ് പ്രായമെന്നും മൊഴിയെടുക്കുമ്പോള്‍ മകള്‍ തനിച്ചായിരുന്നുവെന്നും മാതാവ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച അഞ്ചു പേര്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചിരുന്നു. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ പ്രക്ഷോഭം കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേക്കും പടരുകയാണ്. ഇന്നലെ പെണ്‍കുട്ടിയുടെ മാതാവ് വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പൊലീസ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.