ശ്രീനഗര്‍: പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് കശ്മീരിലേക്ക് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
സൈന്യത്തിനെതിരെ കൂടുതല്‍ ജനങ്ങള്‍ തെരുവിലേക്കിറങ്ങിയതോടെയാണ് പുതിയ നടപടി. കശ്മീരിന്റെ പല പ്രദേശങ്ങളിലും ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളെയും പ്രക്ഷോഭം ബാധിച്ചിട്ടുണ്ട്.
ചില സൈനികര്‍ കോളജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ചാണ് കശ്മീരില്‍ പ്രക്ഷോഭം തുടങ്ങിയത്. ചൊവ്വാഴ്ച ഹന്ദ്വാര മേഖലയില്‍ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായതോടെ സൈന്യം വെടിയുതിര്‍ത്തു. സൈന്യം നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
അതേസമയം, സൈന്യത്തിനെതിരെ കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ വടക്കന്‍ കശ്മീരില്‍ സ്ഥിതി വഷളായി. സൈന്യത്തിനെതിരെ രോഷം വ്യാപകമായ സാഹചര്യത്തില്‍, തന്നെ സൈനികര്‍ ഉപദ്രവിച്ചിട്ടില്ലെന്നു പെണ്‍കുട്ടി മൊഴിനല്‍കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ ചിത്രീകരിച്ച വിഡിയോ പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധമാണെന്നും ആക്ഷേപമുയര്‍ന്നു. സംഭവത്തില്‍ കുപ്‌വാര ഡപ്യൂട്ടി കമ്മിഷണര്‍ കുമാര്‍ രാജീവ് രഞ്ജന്‍ മജിസ്‌ട്രേട്ട്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.