2012 ഡല്‍ഹി കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. കൊലപാതകികളെ ഓരോരുത്തരായി തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതുവഴി നിയമം വെച്ച് കളിച്ചാലുണ്ടാകുന്നതിന്റെ പ്രത്യാഘാതം മനസ്സിലാക്കണമെന്നും ആശാദേവി പറഞ്ഞു.
കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് അവകാശപ്പെട്ട് ഒരു കുറ്റവാളി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതിയും തള്ളിയതിന് പിന്നാലെയാണ് ആശാദേവിയുടെ പ്രതികരണം. വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രപരമായ നീക്കം മാത്രമാണ് ഈ ഹര്‍ജി നല്‍കലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.
‘അവരുടെ തന്ത്രം കോടതി തള്ളിയിരിക്കുകയാണ്. ഫെബ്രുവരി 1ന് ഇവരെ തൂക്കിക്കൊല്ലുമ്പോള്‍ മാത്രമാണ് എനിക്ക് സംതൃപ്തി ലഭിക്കുക. അവരെ ഓരോരുത്തരായി തൂക്കിലേറ്റണം, അപ്പോഴാണ് നിയമം വെച്ച് കളിക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലാകൂ’, ആശാദേവി പറഞ്ഞു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എഎസ് ബൊപണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളി പവന്‍ കുമാര്‍ ഗുപ്തയുടെ ഹര്‍ജി തള്ളിയത്.
ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം സംഭവസമയത്ത് പവന് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്നാണ് അഡ്വക്കേറ്റ് എപി സിംഗ് വാദിച്ചത്.