മാനവരാശിക്ക് വെല്ലുവിളിയുയര്‍ത്തി ഹാന്റവൈറസും; ചൈനയില്‍ ഒരാള്‍ മരിച്ചു

ബീജിങ്: 186ഓളം രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച് സംഹാര താണ്ഡവമാടുന്ന കൊറോണ വൈറസ് എന്ന മഹാമാരി ഇന്ന് മനുഷ്യരാശിക്ക് വലിയൊരു ഭീഷണിയാണ്. ഇതിനകം 18000ത്തോളം പേരുടെ മരണത്തിനിടയാക്കിയ കൊറോണ എന്ന വില്ലനെ പൊരുതി തോല്‍പ്പിക്കാന്‍ എല്ലാ ലോക രാജ്യങ്ങളും ലോക് ഡൗണിലേയ്ക്ക് പൊയിക്കഴിഞ്ഞു.

കൊറോണയുടെ പിടിയില്‍ നിന്ന് മുക്തരാകാന്‍ ശ്രമിക്കുന്നതിനിടെ മാനവരാശിയ്ക്ക് പുതിയ വെല്ലുവിളിയുയര്‍ത്തി വീണ്ടും ഒരു വൈറസ് പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ഹാന്റവൈറസ് എന്ന് വിളിപ്പേരുള്ള ഈ പകര്‍ച്ച വ്യാധിയാണിപ്പോള്‍ നമുക്ക് മുന്നിലുള്ള പുതിയ വെല്ലുവിളി.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ തന്നെയാണ് ഹാന്റവൈറസും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വൈറസ് കാരണം ചൈനയിലെ യുന്നനില്‍ ഒരു മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. വൈറസ് ബാധയേറ്റ് മരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത മുപ്പതിലധികം ആളുകളില്‍ ഹാന്റവൈറസ് ബാധ സംശയിച്ചതിനെ തുടര്‍ന്ന് ഇവരേയും പരിശോധനയ്ക്ക് ഇപ്പോള്‍ വിധേയരാക്കിയിരിക്കുകയാണ്.

നോവല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഠിനപരിശ്രമം നടത്തുന്നതിനിടെ ഹാന്റവൈറസ് കാരണമുണ്ടായ മരണം ജനങ്ങളുടെ പരിഭ്രമം ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗൂഗിളില്‍ ആളുകള്‍ ചൊവ്വാഴ്ച ഏറ്റവുമധികം തിരഞ്ഞത് ഹാന്റവൈറസായിരുന്നു. ഇത് മനുഷ്യന്റെ ഭയത്തിന്റെ തോത് എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ്.

എലികളില്‍ നിന്നാണ് ഹാന്റവൈറസ് ബാധയുണ്ടാകുന്നത്. മറ്റ് വൈറസുകളെ പോലെ ജീവന്‍ അപകടത്തിലാക്കുമെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും നോവല്‍ കൊറോണ വൈറസിനെ പോലെ ഇവയ്ക്ക് ജനിതകമാറ്റം വരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

1978 ല്‍ ദക്ഷിണകൊറിയയിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. പിന്നീട് 1981 ല്‍ ഇതിന് ഹാന്റ വൈറസ് എന്ന പേര് നല്‍കുകയായിരുന്നു. ഹാന്റവൈറസ് മനുഷ്യരില്‍ രണ്ടു തരത്തിലുളള രോഗാവസ്ഥ ഉണ്ടാക്കുന്നതായാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

ഹാന്റവൈറസ് പള്‍മണറി സിന്‍ഡ്രോം, ഹെമറേജിക് ഫീവര്‍ വിത് റീനല്‍ സിന്‍ഡ്രോം എന്നിവയാണവ. ഇതില്‍ എച്ച്.പി.എസ്. വടക്ക്-തെക്ക് അമേരിക്കയിലും എച്ച്.എഫ്.ആര്‍.എസ്. യൂറോപ്പിലും ഏഷ്യയിലുമാണ് കണ്ടെത്തിയത്.

വൈസറസ്ബാധയുള്ള എലിയുടെ മൂത്രം, കാഷ്ടം, അല്ലെങ്കില്‍ അവ ഭക്ഷിക്കാനോ സ്പര്‍ശിക്കാനോ ഇടയായ ഭക്ഷണം, കടിയേല്‍ക്കുന്നത് എന്നിവയെല്ലാം രോഗം മനുഷ്യരിലേക്കെത്തുന്നതിന് കാരണമാവും. എലികളില്‍ നിന്ന് മറ്റു മൃഗങ്ങളിലേക്കും ഹാന്‍ഡവൈറസ് പകരാം. എലികള്‍ കൂടാതെ മുയല്‍ പോലെയുള്ള ചെറിയ മൃഗങ്ങളും വൈറസ് വാഹകരാകാറുണ്ട്.

പനി, പേശിവേദന, തലവേദന, തലചുറ്റല്‍, വിറയല്‍, വയറിന് അസ്വസ്ഥത എന്നിവയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. രക്തസമ്മര്‍ദം കുറയുക, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍, രക്തസ്രാവം എന്നിവയും ലക്ഷണങ്ങളാണ്.ചികിത്സ തേടാതിരുന്നാല്‍ ശ്വാസതടസം ഉണ്ടാവുകയും മരണം സംഭവിക്കുകയും വരെ ചെയ്യും. താരതമ്യേന ഈ വൈറസ് ബാധയേറ്റാല്‍ മരണം സംഭവിക്കുന്നത്. കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹാന്റ വൈറസ് കേസുകള്‍ കാര്യമായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ രോഗം പകരാന്‍ ഇടയുള്ള കാലത്തെക്കുറിച്ച് (ഇന്‍ക്യുബേഷന്‍ പിരീഡ്) കൃത്യമായ ധാരണയില്ല. എങ്കിലും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.) പറയുന്നത് ഒന്നു മുതല്‍ എട്ടാഴ്ചയാണ് ഈ കാലയളവായി നിലവില്‍ കണക്കാക്കുന്നതെന്നാണ്. ഹാന്റവൈറസ് ബാധയ്ക്ക് നിലവില്‍ കൃത്യമായ ഒരു ചികിത്സയോ വാക്സിനോ ഇല്ല. ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികിത്സയാണ് നല്‍കുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പുവരുത്തുകയാണ് രോഗത്തെ തടയാനുള്ള മാര്‍ഗമെന്നാണ് സി.ഡി.സി. വ്യക്തമാക്കുന്നത്.

Top