ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റിൽ ഹനുമ വിഹാരി കളിക്കില്ല

സിഡ്നി: ബ്രിസ്‌ബേനിൽ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റിൽ ഹനുമ വിഹാരി കളിക്കില്ല. ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസീസ് ബൗളിംഗിന്റെ മുനയൊടിച്ച വിഹാരി പരിക്ക് കാരണമാണ് നാലാം ടെസ്റ്റിൽ നിന്നും വിട്ടു നിൽക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയും വിഹാരിക്ക് നഷ്ടമാവും. സിഡ്നിയിൽ ആർ അശ്വിനൊപ്പം സമനില പൊരുതി നേടിയ ശേഷം ഹനുമ വിഹാരി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് മുടന്തിയായിരുന്നു. 161 പന്തുകൾ നേരിട്ട് പുറത്താവാതെ 23 റൺസുമായാണ് വിഹാരി ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. ബാറ്റിംഗിനിടെ കാലിലെ പേശികൾക്ക് പരിക്കേറ്റിട്ടും ക്രീസിൽ തുടരുകയായിരുന്നു താരം.

സിഡ്നിയിൽ പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ സ്ഥിതിയും സമാനമാണ്. ആദ്യ ഇന്നിംഗ്സിൽ ബാറ്റു ചെയ്യുന്നതിനിടെ കൈവിരലിന് പൊട്ടലേറ്റ ജഡേജ രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞിരുന്നില്ല. ഇവരെ കൂടാതെ ആർ അശ്വിനും റിഷഭ് പന്തും പരിക്കുമായാണ് സിഡ്നിയിൽ ഓസീസിനെതിരെ പോരാടിയത്. ഇതോടെ വിഹാരിയ്ക്ക് പകരം മായങ്ക് അഗർവാളിന് വീണ്ടും അവസരം നൽകിയേക്കും. ഇല്ലെങ്കിൽ വൃദ്ധിമാൻ സാഹയെ കീപ്പറാക്കി പന്തിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി കളിപ്പിക്കേണ്ടിവരും.

Top