പിറന്നാള്‍ ആഘോഷിച്ച് മോദി; ആശംസകളുമായി കോണ്‍ഗ്രസും കെജ്രിവാളും

ന്യൂഡല്‍ഹി: 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി പ്രമുഖര്‍. രാഷ്ട്രീയ ഭേദമില്ലാതെ പ്രമുഖ നേതാക്കളും സിനിമാ ബിസിനസ് രംഗത്ത് നിന്നുള്ളവരും അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തി. സ്വന്തം മണ്ഡലമായ വാരണാസിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് മോദി ഇന്നത്തെ ദിവസം ചെലവഴിക്കുക.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍, ഡോ. ജിതേന്ദ്ര സിംഗ്, ഗൗരവ് ഭാട്ടിയ, ലോകസുന്ദരി മാനുഷി ചില്ലാര്‍, അമൃത ഫട്‌നാവിസ് തുടങ്ങിയവരെല്ലാം ട്വിറ്ററിലൂടെ പ്രധാനമന്ത്രിയ്ക്ക് ആശംസകള്‍ നേര്‍ന്നു.

2014ല്‍ ഗുജറാത്തിലാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍, തൊട്ടടുത്ത വര്‍ഷം ഔദ്യോഗിക കാര്യങ്ങള്‍ക്കായി ന്യൂഡല്‍ഹിയില്‍ തന്നെ ഉണ്ടായിരുന്നു.

66-ാം പിറന്നാള്‍ പ്രധാനമന്ത്രി അമ്മയോടൊപ്പം ആഘോഷിച്ചു. 67ല്‍, ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ആഘോഷങ്ങള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും നടത്തുക. 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ ചലോ ജീതേ ഹെയ്ന്‍’ എന്ന ഹ്രസ്വ ചിത്രവും അദ്ദേഹം കുട്ടികള്‍ക്കൊപ്പം കാണും.

Top