ജിദ്ദ: റമദാന്‍ പകുതി പിന്നിട്ടതോടെ ഇരുഹറമുകളിലും തിരക്കേറുന്നു. റമദാന്റെ ദിനരാത്രങ്ങള്‍ ഹറമുകളില്‍ കഴിച്ചുകൂട്ടാനും ഉംറക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ പ്രവാഹം തുടരുകയാണ്. കര, വ്യോമ പ്രവേശന കവാടങ്ങളിലും തിരക്കേറിയിട്ടുണ്ട്.
അതിര്‍ത്തികളിലെ മദീനത്തുല്‍ ഹുജ്ജാജ് ഉംറ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തു. തീര്‍ഥാടകര്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ അതാതു ഗവര്‍ണറേറ്റുകള്‍ക്ക് കീഴില്‍ വേണ്ട എല്ലാ ഒരുക്കളും പൂര്‍ത്തിയാക്കി. എക്‌സ്പ്രസ് റോഡുകളില്‍ റോഡ് സുരക്ഷ നിരീക്ഷണം കര്‍ശനമാക്കുകയും ഇതിനായി കൂടുതല്‍ പേരെ നിയോഗിക്കുകയും ചെയ്തു. മീഖാത്തുകളില്‍ വേണ്ട സൗകര്യങ്ങള്‍ മതകാര്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
ഹൈവേകളിലെ മെഡിക്കല്‍ സന്റെറുകളും സജ്ജമാണ്. ജിദ്ദ, മദീന വിമാനത്താവളം വഴി തീര്‍ഥാടകരുമായെത്തുന്ന വിമാനങ്ങളുടെ എണ്ണവും കൂടി. യാത്ര നടപടികള്‍ എളുപ്പമാക്കാന്‍ പാസ്‌പോര്‍ട്ട് വകുപ്പും മറ്റു സേവന വകുപ്പുകളും കൂടുതല്‍ പേരെ ഹജ്ജ് ടെര്‍മിനലില്‍ നിയോഗിച്ചിട്ടുണ്ട്.
ആഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹവും ശക്തമാണ്. വിവിധ മേഖലകളില്‍ നിന്ന് സ്വദേശികളായ നിരവധിപേരാണ് കുടുംബാംഗങ്ങളുമായും അല്ലാതെയും ഉംറക്കായി മക്കയിലെത്തുന്നത്. ഉംറ ടൂര്‍ സംഘങ്ങളുടെ വരവും കൂടി. റമദാനായതോടെ മദീന സന്ദര്‍ശത്തിനെത്തുന്നവരും നിരവധിയാണ്. റമദാന്‍ അവസാനപത്തിലേക്ക് കടക്കുന്നതോടെയും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കുന്നതോടെയും ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം ഇനിയും കൂടും.
ഇരുനഗരങ്ങളിലെയും ഹോട്ടലുകളിലും തിരക്കേറിയിട്ടുണ്ട്. ഹറമുകള്‍ക്കടുത്ത് ഹോട്ടലുകള്‍ക്കാണ് ഡിമാന്റ്. പല ഹോട്ടലുകളും ഉംറ കമ്പനികള്‍ മൂന്‍കൂട്ടി ബുക്ക് ചെയ്തിരിക്കയാണ്. തിരക്ക് കൂടിയോടെ ഉംറ സേവനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഹറമുകളില്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇഅ്തികാഫിനായി എത്തുന്നവര്‍ക്ക് ഹറമുകളില്‍ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധവുണ്ടായതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉംറ സീസണ്‍ തുടങ്ങിയതു മുതല്‍ 64 ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തിയിട്ടുണ്ട്.