ജിദ്ദ: ഹറമൈന്‍ റെയില്‍വേയുടെ ടിക്കറ്റ് നിരക്കുകള്‍ സൗദി റെയില്‍വേസ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹറമൈന്‍ റെയില്‍ പദ്ധതി നടത്തിപ്പുകാരായ സ്പാനിഷ് കണ്‍സോര്‍ഷ്യവുമായി എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചത്.
മക്കയില്‍ നിന്ന് മദീനയിലേക്ക് ബിസിനസ്സ് ക്ലാസില്‍ 250 റിയാലും, എക്കണോമി ക്ലാസില്‍ 150 റിയാലുമായിരിക്കും ചാര്‍ജ്. മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് 40 റിയാലും, റാബിഗിലേക്ക് 80 റിയാലും, ജിദ്ദയില്‍ നിന്ന് റാബിഗിലേക്ക് 45 റിയാലും, മദീനയിലേക്ക് 125 റിയാലും, റാബിഗില്‍ നിന്ന് മദീനയിലേക്ക് 100 റിയാലുമായിരിക്കും എക്കണോമി ക്ലാസിലെ നിരക്ക്. ബിസിനസ് ക്ലാസില്‍ മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് 50 റിയാല്‍, റാബിഗിലേക്ക് 110 റിയാല്‍ മദീനയിലേക്ക് 250 റിയാല്‍, ജിദ്ദയില്‍ നിന്ന് റാബിഗിലേക്ക് 65 റിയാല്‍, മദീനയിലേക്ക് 210 റിയാല്‍, റാബിഗില്‍ നിന്ന് മദീനയിലേക്ക് 150 റിയാല്‍ എന്നിവയായിരിക്കും നിരക്ക്.
തുടക്കത്തില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി രണ്ടു മാസക്കാലം പ്രമോഷന്‍ നിരക്കില്‍, ഇപ്പോള്‍ പ്രഖാപിച്ചത്തിന്റെ പകുതി വിലയ്ക്ക് ടിക്കറ്റുകള്‍ ലഭ്യമാവും. ഒക്ടോബര്‍ നാല് മുതലാണ് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. അന്ന് മുതല്‍ ഡിസംബര്‍ അവസാനം വരെ വ്യാഴം മുതല്‍ ഞായര്‍ വരെ നാല് ദിവസങ്ങളില്‍ രാവിലെയും വൈകീട്ടുമായി ഇരു ദിശകളിലേക്കുമായി എട്ട് സര്‍വീസുകളാണ് നടത്തുന്നത്.
2019 ജനുവരി മുതല്‍ മാത്രമേ എല്ലാ ദിവസങ്ങളിലുമുള്ള സര്‍വ്വീസ് ആരംഭിക്കുന്നത്. ജനുവരി മുതല്‍ സര്‍വീസുകളുടെ എണ്ണം 12 തവണയായി ഉയര്‍ത്തുകയും ചെയ്യും. പ്രാരംഭ ഘട്ടത്തില്‍ മക്ക, ജിദ്ദ സുലൈമാനിയ, റാബിഗ് കിങ് അബ്ദുള്ള എക്കണോമിക് സിറ്റി, മദീന സ്റ്റേഷനുകള്‍ക്കിടയിലാണ് സര്‍വ്വീസ് നടത്തുന്നത്. പുതിയ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തോടനുബന്ധമായുള്ള റെയില്‍വേ സ്റ്റേഷന്‍ പണി പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഇവിടെയും സര്‍വ്വീസ് ആരംഭിക്കുന്നത്.
ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കുന്നതിനുള്ള സംവിധാനങ്ങളും, സ്മാര്‍ട്ട് ഫോണിലൂടെ ടിക്കറ്റെടുക്കാനുള്ള ആപ്പുകളും ഉടനെ നിലവില്‍ വരും. റെയില്‍വേ സ്റ്റേഷനുകളിലെല്ലാം യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഹറമൈന്‍ റെയില്‍ പദ്ധതിയുടെ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മുഹമ്മദ് ഫിദാ അറിയിച്ചു.