ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ . കോഴിക്കോട് സ്വദേശി സാലിയാണ് വയനാട് പുൽപ്പള്ളി പൊലീസിന്റെ പിടിയിലായത് . ഇൻസ്റ്റഗ്രാം മെസഞ്ചറിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി അടുപ്പമുണ്ടാക്കിയ ശേഷം പ്രതി അവരുടെ നഗ്നചിത്രങ്ങൾ തന്ത്രപൂര്‍വ്വം കൈക്കലാക്കും. ഇതിന് ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ സ്കൂള്‍ കുട്ടികളെ പീഡിപ്പിച്ചതിന് അത്തോളി കോടശ്ശേരി സ്വദേശിയായ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികൾ അറിയിക്കുന്നത്.ചൈൽഡ് ലൈനാണ് പൊലീസിന് ഈ സംഭവത്തെക്കുറിച്ച് വിവരം നൽകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികൾ സ്കൂളിൽ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മനസ്സിലാക്കുന്നത്. അതിന് പിന്നാലെ അബ്ദുൾ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നു. ഒളിവിൽ കഴിയുന്ന അമ്പലവയൽ എഎസ്ഐ ടി.ജി ബാബുവിനെ മൂന്ന് ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായില്ല. പ്രതിക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് പരാതികൾ ഉയരുന്നുണ്ട്. എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ഡിജിപിയ്ക്ക് കത്ത് അയച്ചിരുന്നു.
ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിലാണ് സംഭവം. ഭാര്യയെ ഫോണിൽ ശല്യം ചെയ്തതിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയാണ് യുവാവിനെ പ്രതി മീൻ മുറിക്കുന്ന കത്തികൊണ്ടു നെഞ്ചിനു താഴെ കുത്തുകയായിരുന്നെന്നു പൊലീസ് വിശദമാക്കി.