ഹൈബിക്കെതിരായ പീഡനപരാതി: പരാതി വ്യാജമെന്ന് സി ബി ഐ

തിരുവനന്തപുരം: എറണാകുളം എം.പി. ഹൈബി ഈഡനെതിരായ പീഡനപരാതി വ്യാജമാണെന്ന് സി.ബി.ഐ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റഫര്‍ റിപ്പോര്‍ട്ടിലാണ് സി.ബി.ഐ. ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരിയുടെ മൊഴിയില്‍ ഏറെ വൈരുധ്യങ്ങള്‍ ഉള്ളതിനാല്‍ വിശ്വാസ യോഗ്യമല്ലെന്നാണ് സി.ബി.ഐ. സംഘത്തിന്റെ വിലയിരുത്തല്‍. ഹൈബി ഈഡനെതിരായ പീഡനപരാതി നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ കോടതി അനുമതി നല്‍കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം.

2021-ലാണ് സി.ബി.ഐ. സംഘം സോളാര്‍ കേസിലെ പ്രതിയായ യുവതിയുടെ പരാതിയില്‍ ഹൈബി ഈഡന്‍ അടക്കം ആറുനേതാക്കളുടെ പേരില്‍ കേസ് എടുത്തത്. ഓരോ കേസിലും ഓരോ എഫ്.ഐ.ആറും സി.ബി.ഐ. സംഘം എടുത്തിരുന്നു. ഇതില്‍ ആദ്യം സി.ബി.ഐ. സംഘം അന്വേഷണം നടത്തിയത് ഹൈബി ഈഡനെതിരായ പരാതിയായിരുന്നു. ഈ അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഹൈബി ഈഡന് പുറമെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍, മുന്‍മന്ത്രിമാരായ അടൂര്‍ പ്രകാശ് എം.പി., എ.പി. അനില്‍കുമാര്‍, ബി.ജെ. പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരേയാണ് സോളാര്‍ കേസിലെ പ്രതിയായ യുവതി പരാതി നല്‍കിയത്.

2012 ഡിസംബര്‍ ഒന്‍പതിന് പാളയത്തെ എം.എല്‍.എ. ഹോസ്റ്റലിലെ നിളാ ബ്‌ളോക്കിലെ 34-ാം നമ്പര്‍ മുറിയില്‍വെച്ച് സോളാര്‍ പദ്ധതിയെ ക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പരാതിക്കാരിയെ അന്ന് എം.എല്‍.എ. ആയിരുന്ന ഹൈബി ഈഡന്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

സി.ബി.ഐ. സംഘം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത ശേഷം 2012-ല്‍ ഹൈബി ഉപയോഗിച്ചിരുന്ന 33, 34 മുറികളില്‍ പരാതിക്കാരിയെ നേരിട്ട് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഹൈബിയെ രണ്ട് തവണ സി.ബി.ഐ. സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പരാതിക്കാരിയെ സി. ബി.ഐ.യുടെ തിരുവനന്തപുരം ഓഫീസിലും ഡല്‍ഹിയിലെ ഓഫീസിലും വിളിച്ചുവരുത്തി സി. ബി.ഐ. സംഘം മൊഴി എടുത്തിരുന്നു.

പരാാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യമാണ് കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടില്‍ സി. ബി.ഐ. എടുത്തുപറയുന്നത്. ഇനി മറ്റ് നേതാക്കള്‍ക്കെതിരേയുള്ള അഞ്ച് പരാതികളാണ് നിലവില്‍ സി.ബി.ഐ.ക്ക് അന്വേഷിക്കാനുള്ളത്.

Top