ന്യൂഡല്‍ഹി : ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനേറ്റ പരാജയത്തിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം പരിശീലകനായ രവി ശാസ്ത്രി ഏറ്റെടുക്കണമെന്ന് രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്ത്.
‘തോല്‍വികളെക്കുറിച്ച് പരിശീലകന്‍ വായ തുറക്കണം. കോച്ച് എല്ലാത്തിനും ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം തുറന്നുപറഞ്ഞേ മതിയാവു. ഈ പരമ്പര ഇന്ത്യ തോല്‍ക്കുയാണെങ്കില്‍ നേരത്തെ പറഞ്ഞതൊക്കെയും അദ്ദേഹം വിഴുങ്ങേണ്ടിവരും. മത്സര സാഹചര്യങ്ങള്‍ കളിയെ ബാധിക്കുമെന്ന് അദ്ദേഹം ഇനിയെങ്കിലും അംഗീകരിക്കണമെന്നും’ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
തന്റെ ടീമിന് ആരെയും ഭയമില്ലെന്ന് ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പടും മുന്‍പ് ശാസ്ത്രി അവകാശപ്പെട്ടിരുന്നു. വിദേശ പര്യടനങ്ങളില്‍ ഏറ്റവും മികവു കാട്ടുന്ന ടീമാകാനുള്ള എല്ലാ യോഗ്യതയും ഇന്ത്യയ്ക്കുണ്ടെന്നും ശാസ്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്റെ പരിഹാസം.
‘ആദ്യ രണ്ട് ടെസ്റ്റിലും പൊരുതാനുള്ള മനസുപോലും ഇന്ത്യന്‍ ടീം കാണിച്ചില്ല. വിജയതൃഷ്ണ ഈ ടീമില്‍ കാണാനില്ല. അതാണ് എന്നെ ഏറ്റവുമധികം നിരാശപ്പെടുത്തുന്നത്. എതിരാളികള്‍ക്ക് വെല്ലുവിളിപോലും ഉയര്‍ത്താതെയാണ് നമ്മള്‍ കീഴടങ്ങുന്നത്. അതിലെനിക്ക് കടുത്ത നിരാശയുണ്ട്’ ഹര്‍ഭജന്‍ വ്യക്തമാക്കി.
പര്യടനത്തിനു മുന്‍പ് ശാസ്ത്രി നടത്തിയ പ്രസ്താവനകളിലൂടെ:
നമ്മെ സംബന്ധിച്ച് എവേ മല്‍സരങ്ങളില്ല. എല്ലാം ഹോം മല്‍സരങ്ങളാണ്. കാരണം, നമ്മള്‍ നേരിടുന്നത് എതിരാളികളെയല്ല, പിച്ചിനെയാണ്. എവിടെപ്പോയാലും കളിക്കുന്ന പിച്ചിനെ കീഴടക്കാനാണ് ശ്രമിക്കേണ്ടത്.
ഒരു ടെസ്റ്റില്‍ 20 വിക്കറ്റുകളും നേടാന്‍ സാധിക്കുന്ന ബോളിങ് സംഘമാണ് നമ്മുടേത്. കളിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് ആശങ്കയില്ല. നമ്മുടെ ടീമില്‍ വൈവിധ്യമുണ്ട്. എങ്കിലും ഏറ്റവും ഉചിതമായ രീതിയില്‍ നമ്മുടെ പദ്ധതികള്‍ നടപ്പിലാക്കുകയാണ് പ്രധാനം. മാത്രമല്ല, മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയും വേണം. ബാറ്റിങ്ങിലെ പിഴവുകളാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്.
മല്‍സരങ്ങള്‍ സമനിലയിലാക്കാനോ കളികളുടെ എണ്ണം കൂട്ടാനോ അല്ല നാം വന്നിരിക്കുന്നത്. ജയിക്കാന്‍ തന്നെയാണ് ലക്ഷ്യമിടുന്നത്. ജയിക്കാനായി കളിക്കുമ്പോള്‍ ഒരു മല്‍സരം തോറ്റാലും, അത് നിര്‍ഭാഗ്യമായി കണ്ടാല്‍ മതി. തോല്‍ക്കുന്നതിലുമധികം മല്‍സരം ജയിക്കുന്നിടത്തോളം കാലം നമ്മള്‍ പൂര്‍ണ തൃപ്തരാണ്. . .
ഇംഗ്ലണ്ടിനെതിരെയുള്ള പരാജയത്തെ തുടര്‍ന്ന് മുന്‍ താരങ്ങളെല്ലാം തന്നെ ടീമിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോല്‍ക്കുകയാണ് ഉണ്ടായത്. ആദ്യത്തെ ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വിയെങ്കില്‍ രണ്ടാമത്തെ ടെസ്‌ററില്‍ അത് 159 റണ്‍സിനായിരുന്നു. ആഗസ്റ്റ് 18ന് നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.