കുല്‍ദീപിന് പകരക്കാരന്‍ അടുത്തൊന്നും ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്ന് ഹര്‍ഭജന്‍

മുംബൈ: ഒരൊറ്റ ഹാട്രിക് നേട്ടം കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ ചങ്കിലേക്കാണ് യുപി കാരന്‍ കുല്‍ദീപ് യാദവ് കാലെടുത്ത് വച്ചത്.

താരത്തിനെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

അടുത്തൊന്നും കുല്‍ദീപിന് പകരക്കാരന്‍ ഇന്ത്യന്‍ ടീമിലുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പ്രശംസയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓഫ് സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിംങില്‍ നിന്നും എത്തിയിരിക്കുന്നത്.

കുല്‍ദീപിന്റെ വരവോടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കും സ്പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയ്ക്കും മങ്ങലേറ്റുവെന്നും ഭാജി തുറന്നു പറയുന്നു.

കുല്‍ദീപിന്റെ പ്രകടനത്തോട് ഹര്‍ഭജന് കൂടുതല്‍ ഇഷ്ടം തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ വേറെയുമുണ്ട്.

2001-ല്‍ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ ഹാട്രിക് നേടിയശേഷമാണ് ഹര്‍ഭജന്‍ സിങ് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാകുന്നത്. ഇതേ ഈഡന്‍ ഗാര്‍ഡനിലായിരുന്നു ഹര്‍ഭജന്റെ കരിയര്‍ മാറ്റിയ പ്രകടനം നടന്നതും. മാത്രമല്ല അപ്പോള്‍ 21 കാരനായ ഹര്‍ഭജന്റെ പ്രായവും കുല്‍ദീപിന്റേതിന് തുല്യം.

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തില്‍തന്നെ ഹാട്രിക് ലഭിക്കുന്നത് ബൗളര്‍മാരില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും, ഹാട്രിക് നേട്ടത്തിന് ശേഷം തന്റെ ആത്മവിശ്വാസം മറ്റൊരു തലത്തിലെത്തിയെന്ന് ഹര്‍ഭജന്‍ പറയുന്നു.

ഓരോ ബൗളറും ഓര്‍ത്തുവെക്കുന്ന സുവര്‍ണ്ണ മുഹൂര്‍ത്തമാണ് ഹാട്രിക് നേട്ടമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. 37 കാരനായ ഹര്‍ഭജന്‍ സിങ് 700 ലേറെ അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്.

Top