കൊച്ചി: നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക്കും അനുബന്ധ ഉപകരണങ്ങളും മോഷണം പോയ സംഭവത്തില്‍ എന്‍.ഐ.എ. അന്വേഷണം പുരോഗമിക്കുന്നു. സംഭവവുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന അമ്പതിലേറെപ്പേരെ എന്‍.ഐ.എ. നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.
കപ്പലില്‍ കംപ്യൂട്ടര്‍ ഇരിക്കുന്ന ഭാഗത്ത് 52 പേര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. ഇവര്‍ക്ക് സംഭവവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്.കപ്പലില്‍ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളില്‍ അഞ്ചെണ്ണത്തില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള പ്രധാനഭാഗങ്ങള്‍ മോഷണം പോയത്. കംപ്യൂട്ടര്‍ ഇരിക്കുന്ന ഭാഗത്തേക്ക് പ്രവേശനാനുമതിയുള്ള 52 പേര്‍ക്ക് പുറമെ, പുറത്തുനിന്നുള്ള ഏജന്‍സി ഏര്‍പ്പാടാക്കിയ 82 പേരും കപ്പലില്‍ ജോലിചെയ്യുന്നുണ്ട്. ഇവരെയെല്ലാം ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ. സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടോ എന്നാകും എന്‍.ഐ.എ.യുടെ ആദ്യത്തെ അന്വേഷണം. ഹാര്‍ഡ് ഡിസ്‌ക്, മൈക്രോ പ്രോസസര്‍, റാം എന്നിവയും കേബിളുകളുമാണ് കപ്പലില്‍നിന്ന് മോഷണം പോയത്.
സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് മോഷണം നടന്നതെന്നാണ് പോലീസ് അടക്കമുള്ള ഏജന്‍സികളുടെ പ്രാഥമിക വിലയിരുത്തലെങ്കിലും മറ്റു സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാതെയാണ് എന്‍.ഐ.എ. അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
അതീവരഹസ്യ സ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളും നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്‌കില്‍ ഉണ്ടാകാമെന്ന അനുമാനവും എന്‍.ഐ.എ. ഗൗരവമായി കാണുന്നുണ്ട്. വിമാനവാഹിനിക്കപ്പലിലേക്കുള്ള പ്രവേശന വിവരങ്ങള്‍ രൂപരേഖയില്‍ ഉണ്ടെങ്കില്‍ അതും വലിയ സുരക്ഷാപ്രശ്‌നമാകുമെന്ന തിരിച്ചറിവ് എന്‍.ഐ.എ.ക്കുണ്ട്.
കപ്പല്‍ ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്ന് ആഗസറ്റ് 28 ന് ശേഷമാണ് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ക്കൊപ്പം മൂന്ന് മൈക്രോ ചിപ്പുകളും ആറ് റാന്‍ഡം ആക്സസ് മെമ്മറിയും മൂന്ന് സി.പി.യുവും നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാരപ്രവര്‍ത്തനത്തിന്റെ സാധ്യതയുള്‍പ്പെടെ അന്വേഷിക്കുന്നുണ്ടെങ്കിലും ബിസിനസ് അട്ടിമറി ശ്രമമാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്നും സംശയിക്കുന്നുണ്ട്.