ലണ്ടന്‍: കപില്‍ ദേവുമായി താരതമ്യം ചെയ്ത സംഭവത്തിന് പ്രതികരണവുമായി ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ‘ഞാന്‍ കപില്‍ ദേവല്ല, ആവാന്‍ ശ്രമിക്കുന്നുമില്ല. കപില്‍ ദേവിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ എനിക്ക് ഞാന്‍ ആവാനാണ് ഇഷ്ടം’ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ സാധ്യതകള്‍ തുറക്കുന്ന പ്രകടനം കാഴ്ച്ചവച്ച ഹാര്‍ദിക് പാണ്ഡ്യ മാധ്യമങ്ങളോട് പറഞ്ഞു.
കപില്‍ ദേവിന്റെ നിലവാരത്തിലെത്താന്‍ ഹര്‍ദ്ദീക് പാണ്ഡ്യ ഒരുപാട് ദൂരം സഞ്ചരിക്കണമെന്ന വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു താരം.
ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 28 റണ്‍സ് വിട്ടു കൊടുത്ത് ഹാര്‍ദിക് അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. മൂന്നാം ടെസ്റ്റിന് രണ്ട് ദിവസം മുമ്പാണ് പാണ്ഡ്യയെ കപില്‍ ദേവിനോട് താരതമ്യം ചെയ്ത് ഹോള്‍ഡിംഗ് സംസാരിച്ചത്.
കപില്‍ ദേവിനെപ്പോലൊരു ലോകോത്തര ഓള്‍ റൗണ്ടറാകണമെങ്കില്‍ പാണ്ഡ്യ ഇനയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നും ഹോള്‍ഡിംഗ് പറഞ്ഞിരുന്നു.രണ്ടാം ടെസ്റ്റിന് മുമ്പും പാണ്ഡ്യയുടെ വിക്കറ്റെടുക്കാനുള്ള കഴിവിനെ ഹോള്‍ഡിംഗ് ചോദ്യം ചെയ്തിരുന്നു. ടീമിനായി കാര്യമായി സംഭാവന ചെയ്യാന്‍ കഴിയുന്ന ആരെയെങ്കിലും പാണ്ഡ്യക്ക് പകരം ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും ഹോള്‍ഡിംഗ് പറഞ്ഞിരുന്നു.